
കണ്ണൂര്‍: കൊടൈക്കനാലിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ സ്ത്രീകൾ റോഡ് ഉപരോധിച്ചു. ആദ്യം
മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെയാണ് നാട്ടുകാര്‍ വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്താലേ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂ എന്ന് അവർ പറഞ്ഞു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷം മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചത്.
കൊടൈക്കനാൽ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ കെ ഷാജിന്‍റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്. എട്ട് കുട്ടികളുടെ അമ്മയാണ് രോഹിണി. മുണ്ടേരിയിലെ നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് രോഹിണി നമ്പ്യാര്‍. എട്ടുവർഷമായി കൊടൈക്കനാലിലാണ് ഇവരുടെ താമസം.
അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലൻ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലിൽത്തന്നെ സംസ്കരിക്കണമെന്നും ഭർത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. കൊടൈക്കനാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജയശീലനെതിരെ നേരത്തേ രോഹിണി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നൽകി.
സ്വയം വികസിപ്പിച്ചെടുത്ത പേസ്റ്റ് രൂപത്തിലുള്ള ഡിറ്റർജന്റ് വിൽപ്പനയിലൂടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ കണ്ണൂരിൽ ശ്രദ്ധനേടിയിരുന്നു. എട്ട് മക്കളുടെയും വിദ്യഭ്യാസത്തിന് വേണ്ടിയാണ് ഇവര്‍ കൊടൈക്കനാലിലേക്ക് താമസം മാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam