നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

By Web TeamFirst Published Nov 15, 2018, 1:46 PM IST
Highlights

മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. സ്റ്റേഷന്‍ വളപ്പിലാണ് ലാത്തിച്ചാര്‍ജ്. എംഎസ്എഫ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ലാത്തിച്ചാര്‍ജില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 

കളക്ട്രേറ്റിന് മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ എംഎസ്എഫ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. അരമണിക്കൂറോളം കളക്ട്രേറ്റിന് മുമ്പില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. പൊലീസ് മൂന്ന് തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ ചിതറി ഓടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് എംഎസ്എഫിന്‍റെ തീരുമാനം. 

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത മാനദണ്ഡം മാറ്റാന്‍ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന് മന്ത്രി ഇടപെട്ടതിന്‍റെ രേഖകള്‍ യൂത്ത് ലീഗ് പുറത്തുവിട്ടതിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ  ബഹുജനസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്.

click me!