ലുക്ക്ഔട്ട് നോട്ടീസിലെ 167-ാം നമ്പര്‍ പൊലീസുകാരന്‍; ആരോപണവുമായി ബിജെപി നേതാവ്

Published : Oct 25, 2018, 12:47 PM ISTUpdated : Oct 25, 2018, 12:53 PM IST
ലുക്ക്ഔട്ട് നോട്ടീസിലെ 167-ാം നമ്പര്‍ പൊലീസുകാരന്‍; ആരോപണവുമായി ബിജെപി നേതാവ്

Synopsis

പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയില്‍ കുഴപ്പങ്ങൾക്ക് തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്നും എം.ടി. രമേശ് ഫേസ്ബുക്കില്‍ കുറിച്ചു

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്ത് വിട്ടിരുന്നു. ശബരിമലയിലെ വിവിധ കേസുകളില്‍ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കെെമാറാനാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍, പൊലീസ് പുറത്ത് വിട്ട 210 പേരുടെ ചിത്രങ്ങളിലെ ഒരാള്‍ സേനയിലെ ഉദ്യോഗസ്ഥനാണെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബിജെപി നേതാവ് എം.ടി. രമേഷ്. പൊലീസ് ലുക്ക്ഔട്ട് നോട്ടീസിലെ 167-ാം നമ്പര്‍  പത്തനംതിട്ട എആർ ക്യാമ്പിലെ ഡ്രൈവർ ഇബ്രാഹിം കുട്ടി ആണെന്നാണ് ബിജെപി സംസ്ഥാന നേതാവ് ആരോപിക്കുന്നത്.

ഇത്തരത്തിൽ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയില്‍ കുഴപ്പങ്ങൾക്ക് തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്നും എം.ടി. രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ ധാർഷ്ട്യത്തിന് തടസമായി നിന്ന യുവാക്കളെ ഏത് വിധേനയും ജയിലിൽ അടച്ച് ഈ മുന്നേറ്റത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതിനാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണെന്നും എം.ടി. രമേശ് പറയുന്നു. ലുക്ക്ഔട്ട് നോട്ടീസിലെ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടി ആണെന്ന് ശ്രദ്ധയില്‍ പെട്ടതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കിയിട്ടുണ്ട്. 

ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയവര്‍ക്കെതിരെ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.  

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 147 പേർ ഇതുവരെ അറസ്റ്റിലായി. പത്തനംതിട്ട ജില്ലയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്  50 കേസുകളിലാണ് ഇവരെ പിടികൂടിയത്. 150 ഓളം കേസുകളാണ് മറ്റു ജില്ലകളില്‍ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും