എംടിയുടെ 'സുകൃതം' സിനിമയുടെ കഥ തന്റെ നോവലെന്ന് എഴുത്തുകാരി

By Elsa TJFirst Published Oct 13, 2018, 9:13 PM IST
Highlights

എംടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയുമെഴുതിയ സുകൃതം സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം. സുകൃതത്തിന്റെ കഥ തന്റെ നോവലിനെ ആസ്പദമാക്കിയാണ് എഴുതിയതെന്ന്    റിട്ടയേര്‍ഡ് കോളേജ് അധ്യാപികയും സാഹിത്യകാരിയുമായ ആനിയമ്മ ജോസഫ് ആരോപിച്ചു. 1985 ല്‍ ഡിസി ബുക്സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ പുരസ്കാരം നേടിയ 'ഈ തുരുത്തില്‍ ഞാന്‍ തനിയെ'യെന്ന നോവലുമായി അസാധാരണ സാമ്യമാണ് സുകൃതം എന്ന സിനിമയ്ക്ക് ഉള്ളതെന്ന് എഴുത്തുകാരി അവകാശപ്പെടുന്നു.

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയുമെഴുതിയ സുകൃതം സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം. സുകൃതത്തിന്റെ കഥ തന്റെ നോവലിനെ ആസ്പദമാക്കിയാണ് എഴുതിയതെന്ന്    റിട്ടയേര്‍ഡ് കോളേജ് അധ്യാപികയും സാഹിത്യകാരിയുമായ ആനിയമ്മ ജോസഫ് ആരോപിച്ചു. 1985 ല്‍ ഡിസി ബുക്സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ പുരസ്കാരം നേടിയ 'ഈ തുരുത്തില്‍ ഞാന്‍ തനിയെ'യെന്ന നോവലുമായി അസാധാരണ സാമ്യമാണ് സുകൃതം എന്ന സിനിമയ്ക്ക് ഉള്ളതെന്ന് എഴുത്തുകാരി അവകാശപ്പെടുന്നു. 1994 ലാണ് മമ്മൂട്ടിയെ നായകനാക്കി എം ടി തിരക്കഥ രചിച്ച സുകൃതം പുറത്തിറങ്ങുന്നത്. ഇതിനും ഒന്‍പത് വര്‍ഷം മുന്‍പാണ് നോവല്‍ പുറത്തിറങ്ങിയത്. വിരഹവും മരണവും പ്രണയവുമെല്ലാം അതിന്റെ എല്ലാ കാല്‍പനികതയോടും കൂടി കൈകാര്യം ചെയ്ത സുകൃതത്തിന് 1994ല്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. 

''സുകൃതം സിനിമയ്ക്ക് തന്റെ നോവലുമായി അസാമാന്യ സാദൃശ്യം ഉണ്ടെന്ന് ആദ്യമായി പറയുന്നത് ലൈസമ്മ ഇമ്മാനുവല്‍ എന്ന സഹപ്രവര്‍ത്തകയാണ്. നോവല്‍ 1985ല്‍ പുറത്തിറങ്ങിയപ്പോള്‍ വായിച്ച് ഏറെ കരഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ സുഹൃത്തായിരുന്നു ലൈസമ്മ''-ആനിയമ്മ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു

അതിന് ശേഷം സിനിമ കണ്ടു. നോവല്‍ ചെറിയ മാറ്റങ്ങളോടെ സിനിമയാക്കുകയായിരുന്നുവെന്ന് അതോടെ ബോധ്യമായി. നോവലിലെ കഥാപാത്രങ്ങളുടെ തൊഴിലിലും പേരുകളിലും ഉള്ള  ചെറിയ വ്യത്യാസമേ സുകൃതത്തിന് ഉള്ളൂ. അന്ന് പരാതിപ്പെടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍  നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്സുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഒഴുക്കന്‍ മട്ടിലായിരുന്നു. പ്രസാധകരുടെ പ്രതികരണം ഇങ്ങനെയാണെങ്കില്‍ ഒരു വിവാദം അന്നത്തെ കാലത്തുണ്ടായാല്‍ വലിയ മനോവിഷമം ഉണ്ടാവുമെന്ന വീട്ടുകാരുടെ നിര്‍ദേശവും കേട്ടപ്പോള്‍ പിന്നീട് അതിന് പുറകേ പോയില്ല.

''1990-91 കാലത്ത് എംജി സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സസിലെ എംഫില്‍ പഠന കാലത്ത് അവിടുത്തെ ഡയറക്ടറായിരുന്ന നരേന്ദ്ര പ്രസാദ്, അധ്യാപകനായ വി സി ഹാരിസ് തുടങ്ങിയവര്‍ക്ക് നോവല്‍ വായിക്കാന്‍ കൊടുത്തിരുന്നു.  ഈ നോവല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. ഡിസി ബുക്സ് നടത്തിയ മല്‍സരത്തിന്റെ സമ്മാന ദാനം നടത്തിയത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുകൃതം സിനിമ പുറത്തിറങ്ങിയത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിലൊരാള്‍ നരേന്ദ്രപ്രസാദായിരുന്നു.'' ആനിയമ്മ ജോസഫ്  പറഞ്ഞു. 

സുകൃതം സിനിമ പുറത്തിറങ്ങിയ സമയത്ത് കഥ വായിച്ചിട്ടുള്ള പലരും കോപ്പിയടി നടന്നതായി തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലര്‍ വിവാദമാക്കാന്‍ തയ്യാറായി മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ അന്ന് അതിനൊന്നും മുതിര്‍ന്നില്ല. ഇപ്പോഴും ആളുകള്‍ കഥയുടെ സാമ്യത്തേക്കുറിച്ച് പറയുന്നത്  കേള്‍ക്കുമ്പോ ചെറിയ വിഷമം തോന്നും. എന്നാല്‍ പരാതിക്കും വിവാദത്തിനും ഒന്നും ഇപ്പോഴും താല്‍പര്യമില്ലെന്ന് ആനിയമ്മ പറയുന്നു. രണ്ടാമൂഴത്തിന്റെ ചിത്രീകരണം വൈകിയെന്ന പേരില്‍ കഥയുപയോഗിക്കാന്‍ പാടില്ലെന്ന് ആവശ്യവുമായി കോടതിയിലെത്തിയ എംടിയുടെ നിലപാടാണ് ഇപ്പോള്‍ ഈ തുറന്നു പറച്ചിലിന് വഴിവച്ചത്. 

എംടിക്കെതിരെ ഒരു പരാതി കൊടുത്താലോയെന്ന് മുന്‍പ് തമാശയ്ക്ക് ആലോചിച്ചിട്ടുണ്ട്.  എംടി എല്ലാക്കാലത്തേയും പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു. എന്നെങ്കിലും നേരിട്ട് കാണാന്‍ സാധിച്ചാല്‍ ചോദിക്കാന്‍ വേണ്ടി കരുതി വച്ചതായിരുന്നു ഈ സംശയം


കഥ എങ്ങനെ സിനിമയിലേക്ക് പോയെന്ന കാര്യത്തേക്കുറിച്ച് ഇതു വരെ ധാരണയില്ലായിരുന്നു. എന്നാല്‍ അടുത്ത കാലത്താണ് ഓണ്‍ലൈനില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ നിന്നാണ് അതിനേക്കുറിച്ച് വിവരം ലഭിക്കുന്നത്. അന്ന് സിനിമയില്‍ സജീവമായിരുന്ന നരേന്ദ്ര പ്രസാദ് വഴിയായിരിക്കാം നിര്‍മാതാക്കളിലേക്കും പിന്നീട് എംടിയിലേക്കും കഥയെത്തിയതെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.

അക്ഷരസ്ത്രീ എന്ന സാഹിത്യ പ്രസ്ഥാനത്തില്‍ സ്ഥാപക പ്രസിഡന്റാണ്  കോട്ടയം സ്വദേശിനിയായ ആനിയമ്മ ജോസഫ്. പഠന കാലത്തിന് ശേഷം ചെറുകഥകളും കവിതകളും ലേഖനങ്ങളുമെല്ലാം എഴുതിയിരുന്നു. 'അര്‍ധവൃത്തം' എന്ന ആനിയമ്മ ജോസഫിന്റെ നോവല്‍ ഡിസി ബുക്സ് 1996ല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ജോലിയും ജീവിത തിരക്കിനിടയ്ക്കും പൂര്‍ണമായി എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല.വിരമിച്ച ശേഷം അക്ഷര സ്ത്രീയുമായി സഹകരിച്ച് എഴുത്തില്‍ സജീവമാണ്. 

click me!