ശബരിമല സമരക്കാരെ പന്നി കുത്താൻ ഓടിച്ചത് അയ്യപ്പകോപം കൊണ്ട്: നിയമസഭയിൽ മുകേഷ്

By Web TeamFirst Published Feb 7, 2019, 3:56 PM IST
Highlights

ശബരിമലയിൽ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കർമ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്‍റെ ശക്തി കൊണ്ടാണ്. ശബരിമല വിഷയത്തിൽ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പകോപം കൊണ്ടാണ്.

തിരുവനന്തപുരം: ശബരിമലയെച്ചൊല്ലിയുള്ള സർക്കാർ വിരുദ്ധ സമരത്തെ നിയമസഭയിൽ പരിഹസിച്ച് മുകേഷ് എംഎൽഎ. ശബരിമല കർമ്മസമിതി നേതാവിനെ പന്നി കുത്താൻ ഓടിച്ചതും ബിജെപി നേതാവ് ജയിലിൽ കിടന്നതും മറ്റൊരു വനിതാ നേതാവ് 25,000 രൂപ കോടതിയിൽ പിഴയടച്ചതും അയ്യപ്പകോപം കൊണ്ടാണ് എന്നാണ് മുകേഷിന്‍റെ പരിഹാസം.

അടുത്തിടെ  കൊല്ലത്തൊരു ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ താൻ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം സ്വകാര്യ സംഭാഷണത്തിൽ രാഷ്ട്രീയം ചർച്ചയായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരിൽ ഒരാൾ തന്നോട് സംശയം ചോദിച്ചെന്ന് മുകേഷ് പറഞ്ഞു. ഈ ചോദ്യത്തിന് നൽകിയ മറുപടി ആയാണ് മുകേഷ് ബിജെപി നേതാക്കളേയും ശബരിമല കർമ്മസമിതിയുടെ സമരത്തേയും പരിഹസിച്ചത്.

തനിക്ക് നേരെ ഉയർന്ന ആ ചോദ്യത്തിൽ ഒരു തെറ്റിദ്ധാരണ അടങ്ങിയിട്ടുണ്ട്. ശബരിമലയിൽ പോകുന്നവർ മുഴുവൻ ബിജെപിയും ആർഎസ്എസുമാണെന്നാണ് ആ തെറ്റിദ്ധാരണ. ഇത്തരം തെറ്റിദ്ധാരണകൾ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങുമ്പോൾ തന്നെ മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുകേഷ് പറഞ്ഞു. ശബരിമലയിൽ പോകുന്ന എല്ലാവരും ബിജെപിയല്ല, അതിന് ഏറ്റവും വലിയ ഉദാഹരണം താൻ തന്നയാണെന്നും മുകേഷ് സഭയിൽ പറഞ്ഞു. 

അയ്യപ്പന്‍റെ ശക്തിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അതിന് കാരണമുണ്ടെന്നും മുകേഷ് പറഞ്ഞു. ശബരിമലയിൽ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കർമ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്‍റെ ശക്തി കൊണ്ടാണ്. ശബരിമല വിഷയത്തിൽ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പകോപം കൊണ്ടാണ്.

ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലിൽ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടാണ്.  അയ്യപ്പൻ അദ്ദേഹത്തെ ജയിലിൽ അടച്ചതാണ്. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പൻ 25,000 രൂപ കോടതിയിൽ പിഴയടപ്പിച്ചു. ഇവയാണ് അയ്യപ്പന്‍റെ ശക്തിയിൽ വിശ്വസിക്കാൻ തനിക്കുള്ള കാരണങ്ങളെന്നും മുകേഷ് പറഞ്ഞു.

വീഡിയോ കാണാം

"

click me!