
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുലപ്പള്ളി രാമചന്ദ്രൻ. താൻ മത്സരിക്കാനില്ലെങ്കിലും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാർക്ക് മത്സരിക്കാൻ തടസ്സമില്ലെന്നും വ്യക്തമാക്കിയ കെപിസിസി അധ്യക്ഷൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമല പ്രശ്നവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരവും കോൺഗ്രസിനും യുഡിഎഫിനും നേട്ടമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മുല്ലപ്പള്ളി ട്വന്റി20 കളിയിലെന്ന പോലെ മുഴുവൻ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്ന ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
വടകരയിൽ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ല. അവിടെ പുതിയ സ്ഥാനാർത്ഥി വരും.പക്ഷേ കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാർക്ക് മത്സരിക്കാൻ തടസ്സമില്ല. ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാർഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറയുന്നു.
മാരത്തൺ ചർച്ചകളും അനിശ്ചിതത്വവുമില്ലാതെ ഫെബ്രുവരി 20- നുള്ളിൽ സാധ്യതപട്ടിക ഹൈക്കമാൻഡിന് കൈമാറുമെന്നും അത് പതിവ് ജംബോ പട്ടിക ആയിരിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു. മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി മത്സരിക്കാൻ ഇറങ്ങുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ മുല്ലപ്പള്ളിക്ക് പറയാനുള്ളത് ഇതാണ്.... കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam