
മുംബൈ: വർഷങ്ങളുടെ അന്വേഷണത്തിനൊടുവിൽ പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര അവനെ കണ്ടെത്തി. മുംബൈ തൊരുവോരങ്ങളിൽ പല ഭാഷകളുപയോഗിച്ച് വിശറി വിറ്റിരുന്ന പത്ത് വയസ്സുകാരനെ. രവി ചെകല്യ എന്നാണ് അവന്‍റെ പേര്. ഇന്ന് ആ പത്ത് വയസ്സുകാരനിൽനിന്നും ഭാര്യയും കുട്ടികളുമുള്ള ഗൃഹനാഥനായി മാറിയിരിക്കുകയാണ് അവൻ.
സമൂഹമാധ്യമങ്ങളിൽ വൈറലായ വ്യക്തികളുടെ വീഡിയോകളും ചിത്രങ്ങളും സ്ഥിരമായി ട്വിറ്ററിൽ പങ്കുവെയ്ക്കാറുള്ള ആളാണ് ആനന്ദ് മഹീന്ദ്ര. വെറുതേ ഒരു രസത്തിനുവേണ്ടിയല്ല, മറിച്ച് ആ വീഡിയോകളിലും ചിത്രങ്ങളിലും കാണുന്ന വ്യക്തികളെ കണ്ടെത്തുന്നതിനാണ്. അതിനായി ട്വിറ്ററിൽ തന്നെ പിന്തുടരുന്നവരോട് അദ്ദേഹം സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഓസ്റ്റിൻ സ്കാറിയ എന്ന ഗവേഷകൻ രവി ചെകല്യയുടെ വീഡിയോ ആനന്ദ് മഹീന്ദ്രയ്ക്ക് ടാഗ് ചെയ്തത്. 3000 ലൈക്കുകളും 700 റീട്വീറ്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചത്.
മുംബൈയിലെ തൊരുവോരങ്ങളിൽ പല ഭാഷകളുപയോഗിച്ച് വിശറി വിൽക്കുന്ന പത്തു വയസ്സുകാരന്‍റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ ഏവരെയും ഞെട്ടിച്ചിരുന്നു. ഇംഗ്ലീഷ്, അറബിക്ക്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ അനായാസം രവി സംസാരിക്കും. ടൂറിസ്റ്റ് കേന്ദ്രമായ മുംബൈയിൽ എത്തുന്ന വിദേശികളെ ആകർഷിക്കുന്നതിനും അവരുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണ് രവി ഈ ഭാഷകൾ പഠിച്ചത്.
വീഡിയോ ആദ്യം കണ്ടപ്പോൾ രവിയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പദ്ധതികളായിരുന്നു ആനന്ദിന്റെ മനസ്സിൽ. എന്നാൽ ഇത് വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ ആണെന്നും ആ പയ്യൻ ഇപ്പോൾ വളർന്നുവലുതായിട്ടുണ്ടാകുമെന്നും ട്വിറ്ററിൽ പിന്തുടരുന്നവർ ആനന്ദിനെ അറിയിച്ചു. അതിനുശേഷം വന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഏവരെയും അതിശയപ്പെടുത്തുന്നതായിരുന്നു. മഹീന്ദ്ര ഫൌണ്ടേഷൻ എക്സികൃുട്ടീവ് ഷീതൽ മേഹ്തയോടൊപ്പം നിൽക്കുന്ന രവിയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര ആളുകളെ ഞെട്ടിച്ചത്.
"രവി ചെകല്യ എന്നാണ് ഇവന്‍റെ പേര്. ഭാര്യയും കുട്ടികളുമുള്ള രവി ഇന്നും വിശറികൾ വിൽക്കുകയാണ്. മഹീന്ദ്ര ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഷീതൽ മേഹ്ത രവിയെ കണ്ടു. രവിയുടെ കഴിവുകളുമായി ഒന്നിച്ചു പോകാൻ കഴിയുന്ന പദ്ധതികൾ തയ്യാറാക്കുയാണവർ"- ഇതായിരുന്നു ആന്ദിന്റെ ട്വീറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam