ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്സ് ഹൈവേ 2021-ല്‍ പൂര്‍ത്തിയാവും

Web Desk |  
Published : Apr 17, 2018, 11:08 AM ISTUpdated : Jun 08, 2018, 05:44 PM IST
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്സ് ഹൈവേ 2021-ല്‍ പൂര്‍ത്തിയാവും

Synopsis

രാജ്യത്തെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് എക്‌സ്പ്രസ്സ് ഹൈവേയുടെ പ്രധാന സവിശേഷത. 

മുംബൈ; രാജ്യതലസ്ഥാനമായ ദില്ലിയെ വാണിജ്യതലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്സ് ഹൈവേ 2021-ല്‍ പൂര്‍ത്തിയാവും. കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവായി കണക്കാക്കുന്നത്. 

ഈ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങി അടുത്ത മൂന്ന് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എക്‌സ്പ്രസ്സ്  ഹൈവേ വരുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലുള്ള ദേശീയപാത എട്ടിന്റെ ദൂരം 1450 കിലോമീറ്ററില്‍ നിന്നും 1250 കിലോമീറ്ററായി കുറയും. യാത്രാ സമയം നിലവിലുള്ള 24 മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കും.ഗുരുഗ്രാമിലെ രാജീവ് ചൗക്കില്‍ നിന്നാവും ഹൈവേ ആരംഭിക്കുക.അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരേസമയം പാതയുടെ 40 ഭാഗങ്ങളില്‍ നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. - നിതിന്‍ ഗഡ്കരി പറയുന്നു. 

രാജ്യത്തെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് എക്‌സ്പ്രസ്സ് ഹൈവേയുടെ പ്രധാന സവിശേഷത. രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലകളായി കണക്കാക്കുന്ന ഹരിയാനയിലെ മീവറ്റ്,ഗുജറാത്തിലെ ദാഹോദ് എന്നിവയിലൂടെ ആണ് പാത കടന്നു പോകുന്നത്. (ദില്ലി-ഗുരുഗ്രാം-മീവറ്റ്-കോട്ട് രത്‌ലം-ഗോധ്ര-വഡോദര-സൂറത്ത്-ദഹിസര്‍-മുംബൈ).

രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളുടെ വികസനം ഉറപ്പാക്കാന്‍ പുതിയ മുംബൈ-ദില്ലി അതിവേഗപാത വഴി സാധിക്കും. ഗുരുഗ്രാമിന് പുറത്തുള്ള പിന്നോക്കമേഖലകളിലും വികസനം കൊണ്ടുവരാന്‍ ഈ പാത കാരണമാക്കും. നിലവിലുള്ള റോഡ് വികസിപ്പിക്കാനല്ല പുതിയ അലൈന്‍മെന്റ് കൊണ്ടു വന്ന് പിന്നോക്ക മേഖലകളുടെ വികസനത്തിന് വഴിയൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പിന്നോക്ക മേഖലകളിലൂടെ കടന്നു പോകുന്ന രീതിയില്‍ ഒരു ചമ്പല്‍ എക്‌സ്പ്രസ്സ് ഹൈവേ കൂടി നിര്‍മ്മിച്ച് അതിനെ മുംബൈ-ദില്ലി ഹൈവേയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്- ഗഡ്കരി പറയുന്നു. 

പിന്നോക്ക ജില്ലകളിലൂടെയാണ് കടന്ന് പോകുന്നതെന്നതിനാല്‍ മുംബൈ-ദില്ലി പാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ വലിയ മുടക്കുമുതല്‍ വേണ്ടി വരില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 500-600 കോടി രൂപ കൊണ്ട് പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കും. 


 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം