കാണാതായ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥയെ മേലുദ്ദ്യോഗസ്ഥന്‍ വധിച്ചതെന്ന് തെളിഞ്ഞു

By Web DeskFirst Published Mar 3, 2018, 8:04 PM IST
Highlights

പൊലീസ് പരിശീലന കാലയളവിലാണ് അശ്വിനിയും അഭയും പരിചയപ്പെട്ടത്. ഇരുവരും വിവാഹിതരും കുട്ടികളുള്ളവരുമായിരുന്നു.

മുംബൈ: രണ്ട് വര്‍ഷം മുന്‍പ് കാണാതായ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥയെ മേലുദ്ദ്യോഗസ്ഥന്‍ വെട്ടിക്കൊലപ്പെടുത്തിതാണെന്ന് തെളിഞ്ഞു. കോടാലി കൊണ്ട് പല കഷണങ്ങളാക്കി മൃതദേഹം വെട്ടിമുറിച്ച ശേഷം രണ്ട് ദിവസമായി നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇരുവര്‍ക്കുമിടയിലെ വിവാഹേതര ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

മുബൈ പൊലീസില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായിരുന്ന അശ്വിനി ബ്രിഡഗോറെയെ 2016 ഏപ്രില്‍ മുതലാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായിരുന്ന ഇന്‍സ്‌പെക്ടര്‍ അഭയ് കുര്‍കുന്ദറെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ ഇയാളുടെ പങ്കാളിത്തം വ്യക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. പൊലീസ് പരിശീലന കാലയളവിലാണ് അശ്വിനിയും അഭയും പരിചയപ്പെട്ടത്. ഇരുവരും വിവാഹിതരും കുട്ടികളുള്ളവരുമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിയാതെ ബന്ധം തുടര്‍ന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് അഭയ് പിന്നീട് അശ്വിനിയെ അറിയിച്ചു. ഇതനുസരിച്ച് ഭര്‍ത്താവുമായി പിരിഞ്ഞെങ്കിലും അശ്വനിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ അഭയ് തയ്യാറായില്ല.

വിവാഹക്കാര്യം പറഞ്ഞ് അശ്വിനി സമീപിക്കുമ്പോള്‍ പിന്നീട് അവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി അഭയുടെ സഹോദരനും മൊഴി നല്‍കി. തുടര്‍ന്ന് 2016 ഏപ്രില്‍ 11ന് അശ്വിനിയെ കൊലപ്പെടുത്തി. മറ്റ് രണ്ട് പേരുടെ സഹായത്തോടെയായിരുന്നു കൃത്യം നടത്തിയത്. കോടാലിയും മെക്കാനിക്കല്‍ കട്ടറുമുപയോഗിച്ചാണ് മൃതദേഹം പല കഷണങ്ങളാക്കിയത്. പിന്നീട് ഇവ ഒപ്പമുണ്ടായിരുന്ന അഭയ് എന്നയാളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ശേഷം രണ്ട് ദിവസങ്ങളായി ഇവ നദിയിലൊഴുക്കുകയായിരുന്നു. തലയും ഉടലും ഇരുമ്പ് പെട്ടിയില്‍ അടച്ചാണ് നദിയില്‍ തള്ളിയത്. വെള്ളിത്തില്‍ പിന്നീട് പൊങ്ങി വരാതിരിക്കാനായിരുന്നു ഇത്. 

കൊല്ലപ്പെട്ട അശ്വിനിയുടെയും മൂന്ന് പ്രതികളുടെയും മൊബൈല്‍ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവം നടന്ന ദിവസം നാല് പേരും ഒരേ ടവറിന് സമീപത്തുണ്ടായിരുന്നെന്ന കണ്ടെത്തല്‍ നിര്‍ണ്ണായകമായി. മൃതദേഹം ഒളിപ്പിച്ച ഫ്രിഡ്ജ് അടക്കമുള്ള തെളിവുകള്‍ പൊലീസ് പിടിച്ചെടുത്തു.

click me!