മുനമ്പം മനുഷ്യക്കടത്ത്: പിന്നിൽ രാജ്യാന്തര റാക്കറ്റ്, 42 പേരുടെ സംഘം പോയത് ക്രിസ്തുമസ് ദ്വീപിലേക്ക്

By Web TeamFirst Published Jan 15, 2019, 9:52 AM IST
Highlights

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. 

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും. 

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്. 

തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാപുകളിൽ കഴിയുന്നവരാണ് ജയമാതാ ബോട്ടിൽ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേർ മുമ്പും കൊച്ചി വഴി സമാനരീതിയിൽ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്നാട്ടിലെ ഈ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു. ഇതിനിടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. 

നെടുമ്പാശേരി വിമാനത്താവളം വഴി ചിലർ എത്തിയതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഘത്തിൽ ഒരു ഗർഭിണിയുണ്ടെന്നും ഇവർ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. പുറപ്പെട്ട 42 പേരും മുനമ്പത്തുനിന്നല്ല ബോട്ടിൽ കയറിയതെന്നാണ് കരുതുന്നത്. പ്രദേശവാസികൾക്ക് സംശയം തോന്നാതിരിക്കാൻ സമീപത്തെ വിവിധ തീരങ്ങളിലേക്ക് ബോട്ട് അടുപ്പിക്കുകയായിരുന്നു.

click me!