
തിരുവല്ല: മാവേലിക്കരയിൽ മുൻ നഗരസഭാ കൗൺസിലർ എസ് ഐയെ മർദ്ദിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രത്തിനെതിരെ നടന്ന ഉപരോധ സമരത്തിനിടെയാണ് മുൻ നഗരസഭാ കൗൺസിലർ ബിനു വർഗീസ് ഗ്രേഡ് എസ് ഐ രാജേന്ദ്രനെ മര്‍ദ്ദിച്ചത്.
മാവേലിക്കര പുതിയകാവ് ചന്തയ്ക്ക് സമീപമുള്ള നഗരസഭയുടെ മാലിന്യ നിക്ഷേപം കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ സമരത്തിലായിരുന്നു. മാലിന്യവുമായെത്തിയ നഗരസഭയുടെ വാഹനം മുൻ നഗരസഭ കൗൺസിലർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ തടഞ്ഞു. വാഹനം തടഞ്ഞിട്ടിരിക്കുന്നുവെന്ന നഗരസഭാ സെക്രട്ടറിയുടെ പരാതി കിട്ടിയതോടെ അന്വേഷണത്തിനായി മാവേലിക്കര ഗ്രേഡ് എസ് ഐ എൻ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഗതാഗതം സ്തംഭിപ്പിച്ച് സമരം തുടർന്നതോടെ സി ഐയുടെ നിർദ്ദേശത്തെ തുടർന്ന് ബിനു വർഗീസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചു. അതിനിടെയാണ് എസ് ഐക്ക് മർദ്ദനമേറ്റത്.
കഴുത്തിലും താടിക്കും പരിക്കേറ്റ എസ് ഐ രാജേന്ദ്രനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഐയുടെ ജോലി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ബിനു വർഗീസിനെതിരെ കേസെടുത്തു. ഇയാൾക്കെതിരെ മറ്റൊരു കേസിലും വാറൻഡ് നിലവിലുണ്ട്. മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിനുവിനെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam