
കാസര്‍കോട്: പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി സംഗമത്തില്‍ പങ്കെടുത്ത മലവേട്ടു വരെ വകുപ്പ് മന്ത്രിയും പാര്‍ട്ടി നേതാക്കളും വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പരാതി. തങ്ങളെ പാര്‍ട്ടി ചൂഷണം ചെയ്യുകയായിരുന്നുവെന്നും വിളിച്ചു കൊണ്ടുപോയി അപമാനിക്കുകയായിരുന്നുവെന്നും കോളനി ഉരുമൂപ്പന്‍ രവിയും കോളനിയിലെ യുവജന നേതാവ് ഉമേഷും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതല്‍ താമസിക്കാനുള്ള വീടു വരെയായിരുന്നു കഴിഞ്ഞ നവംബര്‍ മാസം 27ന് കാസര്‍കോട് ബളാലില്‍ നടന്ന ആദിവാസി സംഗമത്തില്‍ വെസ്റ്റ് എളേരി മുടന്തന്‍പാറയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മലവെട്ടുവര്‍ക്ക് പട്ടിക ജാതി പട്ടികവര്‍ഗ മന്ത്രി എ.കെ.ബാലന്‍ വാഗ്ദാനം നല്‍കിയത്. വെസ്റ്റ് എളേരി മുടതേന്‍പാറ കോളനിയിലെ 35 കുടുംബങ്ങള്‍ക്ക് ഇപ്പോഴും കുടിവെള്ളം അഞ്ച് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നും തലച്ചുമടായി കൊണ്ടുവരണം.
മന്ത്രിയെ വേദിയിലേക്ക് തനത് ആദിവാസി കലാരൂപമായ മംഗലം കളിയോടെ വരവേറ്റ മുടന്തന്‍പാറ കോളനിയിലെ 35 കുടുംബങ്ങള്‍ക്ക്, ഊര് മൂപ്പന്‍ രവിയുടെ തുടിയില്‍ താളമിട്ടാണ് അന്ന് മന്ത്രി വാരിക്കോരി വാഗ്ദാനം നല്‍കിയത്. താമസിക്കാന്‍ വീടില്ലാത്തവര്‍ക്ക് വീടും കുടിവെള്ളവും ശിങ്കാരിമേളം നടത്താനുള്ള ചെണ്ട വരെ മന്ത്രി ബാലന്‍ മുടന്തന്‍പാറ കോളനിയിലെ ആദിവാസികള്‍ക്ക് വാഗ്ദാനം നല്‍കി.
അരമണിക്കൂര്‍ നേരം മംഗലം കളിയിലും തുടിപ്പാട്ടിലും മുഴുകിയ മന്ത്രി അവര്‍ക്കരികിലെത്തിയാണ് അന്ന് പരാതികള്‍ കേട്ടത്. അവിടെ വച്ച് തന്നെ പരാതികള്‍
രേഖമൂലം എഴുതി വാങ്ങുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു. കോളനിയില്‍ ശിങ്കാരിമേളം നടത്തുന്നവര്‍ക്കായിയുള്ള ചെണ്ട 24 മണിക്കൂറിനുള്ളില്‍ മുടന്തന്‍പാറ കോളനിയില്‍ എത്തുമെന്ന് നെഞ്ചില്‍ കൈവെച്ചാണ് മന്ത്രി പറഞ്ഞതെന്ന് ഊര് മൂപ്പന്‍ രവി പറയുന്നു.
മുടന്തന്‍പാറ കോളനിയില്‍ 35 കുടുംബങ്ങള്‍ക്ക് ഇപ്പോഴും വീടില്ലെന്നറിഞ്ഞ മന്ത്രി അവര്‍ക്ക് വീടും കുട്ടികകള്‍ക്ക് പഠന മുറിയും അധികം താമസിയാതെ പൂര്‍ത്തികരിക്കുമെന്ന് ഉറപ്പുനല്‍കിയ മന്ത്രി തങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് മടങ്ങിതെന്നും ഊര് മൂപ്പന്‍ പറഞ്ഞു.
കാസര്‍കോടിന് കിഴക്ക് 60 കിലോമീറ്റര്‍ അകലെ മലമുകളിലാണ് മുടന്തന്‍പാറ കോളനി. ഇവിടേക്ക് ഇന്നും ഗതാഗത യോഗ്യമായ റോഡില്ല. കിലോമീറ്ററുകള്‍ നടന്നാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളുകളിലേക്കടക്കം പോകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ഇവിടെ എത്തുന്നതെന്നും കോളനി നിവാസികള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam