ഉരുള്‍പൊട്ടല്‍ എല്ലാം തകര്‍ത്തു; അടിസ്ഥാന സൗകര്യം പോലുമില്ലാതെ മൂന്നാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Nov 2, 2018, 10:56 AM IST
Highlights

വിദ്യാർത്ഥികളെ ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്ന വാഗ്ദാനത്തിലായിരുന്നു പുനരധിവാസം. എന്നാൽ രണ്ട് മാസമായിട്ടും കോളേജ് മാറ്റി സ്ഥാപിക്കാൻ പുതിയ സ്ഥലമോ കെട്ടിടമോ കണ്ടെത്തുന്നതിന്‍റെ പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല.
 

മൂന്നാര്‍: ഉരുൾപൊട്ടലിൽ തകർന്ന മൂന്നാ‍ർ ഗവൺമെന്‍റ് കോളേജ് മാറ്റിസ്ഥാപിക്കാൻ നടപടിയായില്ല. രണ്ട് മാസമായി എഞ്ചിനീയറിംഗ് കോളേജിലെ താത്കാലിക കെട്ടിടത്തിലാണ് ആർട്സ് കോളേജിന്‍റെ പ്രവർത്തനം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് ഉടൻ മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഓഗസ്റ്റ് 15ലെ ഉരുൾപൊട്ടലാണ് ഹൈറേഞ്ചിലെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർത്തത്. മലവെള്ളപ്പാച്ചിലിൽ പഴയ കോളേജിലെ ക്ലാസ് മുറികളെല്ലാം ഒലിച്ച് പോയിരുന്നു. ഒരു മാസം പഠനം മുടങ്ങുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനൊടുവിൽ സെപ്റ്റംബർ ആദ്യം എഞ്ചിനീയറിംഗ് കോളേജിലെ താത്കാലിക കെട്ടിടത്തിൽ പഠനം പുനരാരംഭിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്ന വാഗ്ദാനത്തിലായിരുന്നു പുനരധിവാസം. എന്നാൽ രണ്ട് മാസമായിട്ടും കോളേജ് മാറ്റി സ്ഥാപിക്കാൻ പുതിയ സ്ഥലമോ കെട്ടിടമോ കണ്ടെത്തുന്നതിന്‍റെ പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല.

ഉരുൾപൊട്ടലിൽ പുതുതായി നിർമിച്ച ഹോസ്റ്റൽ കെട്ടിടവും തകർന്നിരുന്നു. ഇത് നിമിത്തം നിർദ്ധനരായ വിദ്യാർത്ഥികൾ അധിക വാടക കൊടുത്ത് സ്വകാര്യ ഹോസ്റ്റലുകളിലാണ് നിലവിൽ താമസം. കോളജ് മാറ്റി സ്ഥാപിക്കാനായി പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ പ്രവർത്തനം നിർത്തിയ മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിലേക്കോ ബജറ്റ് ഹോട്ടലിലേക്കോ ഏതാനും ക്ലാസ് മുറികൾ മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും കോളേജ് മാറ്റാനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

click me!