മൂന്നാറില്‍ വീണ്ടും തൊഴിലാളികള്‍ സമരത്തിലേക്ക്; പിന്തുണയുമായി പൊമ്പിളൈ ഒരുമയും

By Web DeskFirst Published Jul 22, 2018, 7:52 AM IST
Highlights
  • സര്‍ക്കാര്‍ ‍നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് തൊഴിലാളികള്‍
  • വേതനവര്‍ധന ഉള്‍പ്പെടെ 12 ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനം

മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വേതന വര്‍ധനവ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ചാണ് ഇവര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സൂചനാസമരം നടത്താനാണ് ഇവരുടെ തീരുമാനം. 

പള്ളിവാസലില്‍ കുത്തിയിരിപ്പ് സമരം നടത്തിക്കൊണ്ടായിരിക്കും തൊഴിലാളികള്‍ ആദ്യഘട്ടത്തില്‍ പ്രതിഷേധിക്കുക. തുടര്‍ന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സമരത്തിന് പിന്തുണയുമായി തോട്ടം തൊഴിലാളി സംരക്ഷണ സമിതിക്കൊപ്പം പൊമ്പിളൈ ഒരുമയും എത്തിയിട്ടുണ്ട്. 

കൃത്യമായ വേതനവും ആനുകൂല്യവും മതിയായ ചികിത്സാ സൗകര്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2015ല്‍ മൂന്നാറില്‍ തൊഴിലാളി സമരം നടന്നത്. കൂലി 69 രൂപ കൂടി കൂട്ടി 301 ആക്കി ഉയര്‍ത്തിയതോടെയാണ് ദിവസങ്ങള്‍ നീണ്ട സമരം ഒത്തുതീര്‍പ്പിലായത്. എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയപ്പോള്‍ കൂട്ടിയ കൂലി 24 രൂപയായി കുറഞ്ഞു. കുറഞ്ഞ ആനുകൂല്യങ്ങള്‍ പോലും തങ്ങള്‍ക്ക് കിട്ടിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പലരും ചികിത്സയ്ക്ക് പോലും നിവൃത്തിയില്ലാതെ വലയുകയാണെന്നും ഇനിയും ഇത് അനുവദിക്കാനാകില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. 

വേതന വര്‍ധന ഉള്‍പ്പെടെ 12 ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് നിലവില്‍ തീരുമാനമെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും തൊഴിലാളികള്‍ അറിയിച്ചു.
 

click me!