ഓണത്തിന് 2000 പച്ചക്കറി ചന്തകള്‍ : മന്ത്രി

By Web DeskFirst Published Jul 22, 2018, 7:39 AM IST
Highlights
  • ഓണക്കാലത്ത് 34,000 മെട്രിക് ടൺ പച്ചക്കറി സംസ്ഥാനത്തിന് ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്. ​

ഓണക്കാലത്ത് സംസ്ഥാനത്ത് 2000 പച്ചക്കറി ചന്തകൾ തുറക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഹോർട്ടികോർപ്പും വിഎഫ്പിസികെയുമായി സഹകരിച്ചാകും ചന്തകൾ ആരംഭിക്കുക. മൂന്നാറിലെ ശീതകാല തോട്ടങ്ങളിൽ നിന്ന് പരമാവധി പച്ചക്കറി സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. 

മൂന്നാർ വട്ടവടയിലെ തോട്ടങ്ങൾ സന്ദ‍ർശിച്ച ശേഷമാണ് ശീതകാല പച്ചക്കറി പരമാവധി സംഭരിക്കുമെന്ന് കൃഷിമന്ത്രി കർഷർക്ക് ഉറപ്പ് നൽകിയത്. ഓണക്കാലത്ത് 34,000 മെട്രിക് ടൺ പച്ചക്കറി സംസ്ഥാനത്തിന് ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്. മൂന്നാറിലെ തോട്ടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് 5,000 മെട്രിക് ടൺ പച്ചക്കറി. സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്നും വീടുകളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയും സർക്കാർ സംഭരിക്കും. ഇതിന് ശേഷമേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

കർഷരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറിയ്ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കർഷകർക്ക് മുഴുവൻ തുകയും കാലതാമസം കൂടാതെ ലഭിക്കുന്നതിനും നടപടികളെടുക്കും. ഓണക്കാലത്ത് കുടുംബശ്രീ, സിവിൽ സപ്ലൈസ്, സഹകരണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലും പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറക്കും. ഇതോടെ വിലയക്കയറ്റം പിടിച്ച് നി‍ർത്താകുമെന്നാണ് സർക്കാ‍ർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. 

click me!