
തിരുവനന്തപുരം: തലസ്ഥാനത്ത് ക്ലീഫ് ഹൗസിന് സമീപം നന്ദന്‍കോടാണ് ദമ്പതികളടക്കം 4 പേരെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മകന്‍ കേദൽ ജിന്‍സൺ രാജ ആണ് പ്രതിയെന്നാണ് പൊലീസ് നിഗമനം.
കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത് ഇന്നലെ അര്‍ദ്ധരാത്രി. വീടിനുള്ളില്‍ നിന്ന് പുക കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരുംകൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. റിട്ട പ്രൊഫ. രാജ തങ്കപ്പന്‍, ഡോ. ജീന്‍ പദ്മ, ചൈനയില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മകള്‍ കാരോള്‍, കാഴ്ചവൈകല്യമുള്ള ബന്ധു ലതിക എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്നു മൃദേഹങ്ങള്‍ കത്തിക്കിരഞ്ഞ നിലയില്‍. മറ്റൊന്ന് അഴുകിയ നിലയില്‍. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കവും. രാജ ജീന്‍ ദമ്പതികളുടെ മകന്‍ ഇറുപത്തിയാറുകാരന്‍ കേദല്‍ ജിന്‍സൺ രാജ് ആണ് കൊലയാളിയെന്നാണ് പൊലീസ് നിഗമനം. സംശയത്തിന്റെ മുന കേദലിലേക്ക് നീണ്ടത് കഴിഞ്ഞ രാത്രിയില്‍ നടന്ന അസ്വാഭ്വാവിക രംഗങ്ങള്‍ അയല്‍വാസികള്‍ വെളിപ്പെടുത്തിയതോടെ.
കഴിഞ്ഞ രാത്രി വീടിനുള്ളില്‍ നിന്ന് പതിവില്ലാത്ത ശബ്ദം കേട്ട് പുറത്തിറങ്ങിയ ബന്ധുവിനോട് കേദല്‍ പറഞ്ഞത് അച്ഛനും അമ്മയും കന്യാകുമാരി യാത്രയില്‍ ആണ്, താനും ഊട്ടിയിലേക്ക് പോകുകയാണെന്നാണ്.
കാലില്‍ പൊള്ളലേറ്റ പാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചവര്‍ കത്തിക്കുന്നതിന് ഇടയില്‍ പറ്റിയതാണെന്നും പറഞ്ഞതായാണ് ജോലിക്കാരിയുടെ മൊഴി. കേദല്‍ മതില്‍ ചാടി കടക്കുന്നത് കണ്ടതായും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിവിദഗ്ധമായി കൊലപ്പെടുത്തിയശേഷം മൃതശരീരങ്ങൾ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി പല സമയങ്ങളിൽ കത്തിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കേദലിന്റേ ശരീരത്തിന് സമാനമായ രീതിയിലുള്ള ഡമ്മിയും പാതികത്തിയ നിലയിൽ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അയൽവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേദലിന് എതിരെ പൊലീസ്ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും കേദൽ അതിക്രൂരമായി കൊലപ്പെടുത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ വിദഗ്ധനായ കേദൽ കൊലയാളിയാകാനുള്ള കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. അടുത്തടുത്തുള്ള വീട്ടുകാരൊന്നും അറിയാതെയാണ് കേദൽ കൊല നടപ്പാക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. മുകളിലത്തെ മുറികളിൽ വെച്ചാണ് അച്ഛനെയും അമ്മയെയും അടുത്തിടെ ചൈനയിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി എത്തിയ സഹോദരിയെയും കൊലപ്പെടുത്തിയത്. ആരും ഒരു ശബ്ദം പോലും കേട്ടില്ല. മൂന്ന് പേരെയും കഷണങ്ങളാക്കി മുറിച്ച് പല സമയങ്ങളിലാണ് കുളിമുറികളിലിട്ട് കത്തിക്കുകയായിരുന്നു.
അയർക്കാരോടൊന്നും അധികം അടുപ്പമില്ലാതിരുന്ന കേദൽ എങ്ങിനെ ക്രൂരനായ കൊലയാളിയായി മാറിയെന്നാണ് എല്ലാവരുടെയും ചോദ്യം. വല്ലപ്പോഴും മാത്രം വീടിന് പുറത്തിറങ്ങാറുള്ള കേദലിന് കാര്യമായ സുഹൃത്തുക്കളുമില്ലായിരുന്നു. മുഴുവൻ സമയവും കമ്പ്യൂട്ടറിന് മുന്നിലായിരുന്നുവെന്നാണ വീട്ടുജോലിക്കാരിയുടെ മൊഴി. കമ്പ്യൂട്ടറുകൾക്ക് കൃത്രിമ ബുദ്ധ നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വിദ്ഗ്ധനായിരുന്നു കേദൽ. അടുത്ത കാലത്ത് കേരള പൊലീസിനെ ഞെട്ടിച്ച ക്രൂരവും ആസൂത്രിതവുമായ കൊലക്ക് പിന്നിലെ കാരണം കണ്ടെത്തലാണ് പ്രധാന ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam