പരോളിലിറങ്ങിയ പതിനേഴുകാരന്‍ രണ്ടുപേരെ കുത്തിക്കൊന്നു

By Web DeskFirst Published May 18, 2017, 10:37 PM IST
Highlights

ന്യൂഡല്‍ഹി: മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം പരോളില്‍ പുറത്തിറങ്ങിയ പതിനേഴുകാരന്‍ രണ്ടു പേരെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി സ്വദേശികളായ സുനില്‍, രാഹുല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു കൊലപാതകങ്ങള്‍. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് സുനിലും രാഹുലും ചേര്‍ന്ന് യുവാവിനെ ആക്രമിച്ചിരുന്നു.

മോഷണക്കേസില്‍ ജയിലിലായിരുന്ന പതിനേഴുകാരന്‍ ഒരാഴ്ച മുമ്പാണ് പരോളിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രി യുവാവും സംഘവും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന പടിഞ്ഞാറെ ഡല്‍ഹിയിലെ ഖ്യാല പ്രദേശത്തെ വീട്ടില്‍ നിന്നും സുനിലിനെ വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുനിലിന്റെ മാലയും ഇവര്‍ മോഷ്ടിച്ചിരുന്നു. അതിനു ശേഷം നബി കരീമില്‍ താമസിക്കുന്ന രാഹുലിനെയും കൊലപ്പെടുത്തി. ഇരുപത് കുത്തുകളാണ് രാഹുലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. സുഹൃത്തായ മനോജിനെയും മറ്റ് മൂന്ന് പേരെയും ഒപ്പം കൂട്ടിയാണ് യുവാവ് കൊല നടത്തിയത്.

കൊലപാതകങ്ങള്‍ക്ക് ശേഷം അക്രമികള്‍ ഇരു വഴികളിലായി പിരിഞ്ഞു.ഇതിനിടയില്‍ 17കാരനും സുഹൃത്ത് മനോജും പൊലീസിന്റെ പിടിയിലായി. ഇവരില്‍ നിന്നും കൊല്ലപ്പെട്ട സുനിലിന്റെ മാല കണ്ടെടുത്തു.മറ്റു മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനു മുമ്പും പലതവണ യുവാവ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

click me!