
ആലപ്പുഴ: ആലപ്പുഴ ചുങ്കം ഷാപ്പില്‍ വെച്ച് ജീവനക്കാരനായ ആലപ്പുഴ തിരുമല പുതുവനപറമ്പില്‍ മണിയന്റെ മകന്‍ മണിലാലിനെ (24) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ചുങ്കം മുക്കവലയ്ക്കല്‍ സ്വദേശികളായ കന്നിട്ടപ്പറമ്പില്‍ ശരത് (29), പുത്തന്‍പറമ്പില്‍ റസീബ് (27), പുത്തന്‍ചിറയില്‍ രാകേഷ് (29), സഹോദരന്‍ രജീഷ് (27), പുത്തന്‍ചിറയില്‍ രതീഷ് (31), തൗഫീക്ക് മന്‍സിലില്‍ തന്‍സില്‍ (28), പത്തുതറ വീട്ടില്‍ അഭി (27), കുണ്ടലേത്ത് ചിറയില്‍ സിയാദ് (35) എന്നിവരെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷിച്ചത്.
പ്രതികള്‍ പണം അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി കെ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഹാജരായി. 2010 മാര്‍ച്ച് 10 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. എട്ടാം പ്രതി സിയാദും സുഹൃത്തുക്കളും 2010 മാര്‍ച്ച് 7 ന് ചുങ്കം ഷാപ്പില്‍ മദ്യപിക്കാനായി വന്നു. മദ്യലഹരിയില്‍ ഷാപ്പിലെ ജീവനക്കാരനായ മണിലാലുമായി ഇവര്‍ വാക്കേറ്റമുണ്ടായി. അന്ന് രാത്രി മണിലാലിന്റെ സഹപ്രവര്‍ത്തകനും കേസിലെ ഒന്നാം സാക്ഷിയുമായ ശ്യാംകുമാറിനോടൊപ്പം വീട്ടിലേയ്ക്ക് പോയ മണിലാലുമായി സിയാദ് വീണ്ടും വാക്കേറ്റമുണ്ടായി.
ഈ വിരോധം മൂലം മണിലാലിനെ കൊലപ്പെടുത്തുവാന്‍ പ്രതികള്‍ തീരുമാനിക്കുകായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ സിയാദിന്റെ പ്രേരണയാല്‍ ഷാപ്പില്‍ എത്തുകയും മണിലാലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് കള്ളുകുപ്പി വലിച്ചെറിഞ്ഞ് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മരണഭയത്താല്‍ ശ്യാംകുമാറും മണിലാലും ഷാപ്പിന് സമീപമുള്ള അടുക്കള ഷെഡിന് അകത്തുകയറി വാതിലടച്ചു.
പ്രതികള്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ഒന്നാം പ്രതിയായ ശരത് മണിലാലിന്റെ ഇടതുനെഞ്ചില്‍ കള്ള് കുപ്പികൊണ്ട് കുത്തുകയും മറ്റൊരു പ്രതിയായ റസീബ് ശ്യാംകുമാറിനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. മണിലാല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴി തന്നെ മരിച്ചു. സമീപത്തുള്ള ആലപ്പുഴ ഫയര്‍ഫോഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് മണിലാലിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളാണ് ഹാജരാക്കിയത്. ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചത് അന്നത്തെ സിഐ ആയിരുന്ന വി.എ ബേബി ആയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam