
കാസര്‍കോട്: കൊലപാതകങ്ങളടക്കം നിരവധി കേസുകളിൽ പ്രതിയായ കാസർകോഡ് ഉപ്പള സ്വദേശി കാലിയ റഫീഖ് വെട്ടേറ്റ് മരിച്ചു. കർണാടകയിലെ മംഗളുരുവിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ ടിപ്പർ ലോറി കൊണ്ട് ഇടിച്ച് അപകടപ്പെടുത്തി വെടിവെച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
പുലർച്ചയോടെ മംഗളൂരു ബി സി റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ മംഗളൂരിലേക്ക് പോകുന്നതിനിടയിൽ ടിപ്പർ ലോറിയിൽ എത്തിയ അക്രമികൾ ടിപ്പർ കാറിലേക്ക് കൊണ്ടിടിക്കുകയായിരുന്നു.കാറിൽ നിന്നും ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്നാലെ എത്തിയ സംഘം വെടിവെക്കുകയും താഴെ വീണ റഫീഖിനെ വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേരള കർണാടക അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ തലവനായിരുന്നു കാലിയ റഫീഖ്. റഫീഖിന്റെ കൂടെ കാറിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ സംഭവത്തിന് ശേഷം മുങ്ങി. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉപ്പളയിലെ ഗുണ്ടയായിരുന്ന മുത്തലിബിനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് റഫീഖ്. ഇതിന്റെ പ്രതികാരമാണ് കൊലക്ക് കാരണെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീഖ് ഒരു തവണ ജയിൽ ചാടുകയും മഞ്ചേശ്വരം എസ് ഐയെ തോക്കിന് മുനയിൽ നിർത്തി പൊലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam