
കൊല്ലം: കൊല്ലത്ത് ചികിത്സ നിഷേധിക്കപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയായ മുരുകൻ മരിച്ച സംഭവത്തില്‍ അന്വേഷണം നിലച്ചു. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും കേസില്‍ ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം ഇഴയുന്നതിനാല്‍ വീണ്ടും മുഖ്യമന്ത്രിയേും ഡിജിപിയേയും കാണാൻ ഒരുങ്ങുകയാണ് മുരുകന്‍റെ കുടുംബം.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം കേരളമാകെ ലജ്ജിച്ച് തലകുനിച്ച ദിനം. ഇത്തിക്കരയാറിന് സമീപം ദേശീയപാതയില്‍ വച്ച് മുരുകൻ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു. തലയ്ക്ക് മാരകമായി പരിക്കേറ്റ മുരുകന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു.
വെന്‍റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞാണ് മുരുകനെ ആശുപത്രി അധികൃതര്‍ തിരിച്ചയച്ചത്. ഒടുവില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രാമധ്യേ മുരുകൻ മരിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം തുടങ്ങിയത്.
കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ നാല് ഡോക്ടര്‍മാരെ പ്രതികളാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരെ പൂര്‍ണ്ണമായും സംരക്ഷിച്ച് കൊണ്ടുള്ള മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അന്വേഷണ സംഘം ആറ് തവണ കത്തയച്ച ശേഷം നാല് മാസം മുൻപാണ് കിട്ടിയത്. പിന്നീട് ഈ കേസില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ചില കാര്യങ്ങളില്‍ നിയമോപദേശം കിട്ടാനുണ്ടെന്നാണ് പൊലീസ് മറുപടി.
ആകെ 45 സാക്ഷികള്‍, നിരവധി ശാസ്ത്രീയ തെളിവുകള്‍. തിരുനെല്‍വേലി പെരുമാള്‍കോവില്‍ സ്വദേശിയായ മുരുകന്‍റെ ഭാര്യ പാപ്പയും രണ്ട് മക്കളും ഈ മാസം അവസാനം കേരളത്തിലേക്ക് വരുന്നുണ്ട്. കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞ കേരള മുഖ്യമന്ത്രിയെ ഒന്ന് കൂടി കാണാൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam