
കൊച്ചി: സ്വകാര്യ സ്കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി. എറണാകുളത്തെ ശ്രീശ്രീ രവിശങ്കർ വിദ്യാലയത്തിലെ ഫീസ് വർധന സംബന്ധിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി. സ്കൂളുകളുടെ അടിസ്ഥാനസൗകര്യം മുൻനിർത്തിയുള്ള ഫീസ് ഘടന ഉറപ്പാക്കത്തക്ക സംവിധാനം പരിഗണിക്കാൻ കോടതി സർക്കാരിനെ ഹർജിയിൽ കക്ഷിചേർത്തു.
അമിതഫീസെന്ന ആക്ഷേപമുന്നയിക്കാൻ നിലവിൽ സംസ്ഥാനത്ത് സംവിധാനമില്ല. അതുകൊണ്ടാണ് ഹർജിക്കാധാരമായ കേസിൽ രക്ഷകർത്താക്കളും സ്കൂളധികൃതരും തമ്മിൽ തർക്കമുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്ക് ആധാരമായ കേസിൽ മറ്റു കുട്ടികൾക്ക് ബാധകമായ ഫീസ് നൽകാൻ തയ്യാറാണെന്ന് രക്ഷിതാക്കൾ അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ തിരിച്ചെടുക്കാൻ കോടതി നിർദേശിച്ചു. മാതാപിതാക്കളും സ്കൂളും തമ്മിലുള്ള തർക്കം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. സ്വകാര്യസ്കൂളിലെ ഫീസ് നൽകാനാവുന്നില്ലെങ്കിൽ കുട്ടികളെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്ന സ്കൂളിൽ ചേർക്കാൻ തടസ്സമില്ല.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സർക്കാരിന് അധികാരമുണ്ട്. ഓരോസ്കൂളിലെയും വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യത്തിന് അനുസൃതമായല്ല ഫീസെങ്കിൽ അത് ലാഭമുണ്ടാക്കാനാണെന്നു പറയാം. അത്തരംഘട്ടത്തിൽ സർക്കാരിന് ഇടപെടാനാവുംഫീസ് കൂട്ടിയാൽ രക്ഷിതാക്കൾ സ്കൂളിനു മുന്നിൽ ധർണയിരിക്കുകയല്ല വേണ്ടത്. രക്ഷിതാക്കൾ പ്രതിഷേധിച്ചാൽ ബലപ്രയോഗത്തിലൂടെയല്ല, നിയമനടപടിയിലൂടെയാണ് സ്കൂളധികൃതർ നേരിടേണ്ടതെന്നും കോടതി അറിയിച്ചു.
ചേർത്തലയിൽനിന്നുള്ള ഒരു വിദ്യാർഥിയുൾപ്പെടെ അഞ്ചു വിദ്യാർഥികളാണ് സ്കൂളിൽനിന്ന് പുറത്താക്കിയതിനെതിരേ കോടതിയെ സമീപിച്ചത്. ഇവരുടെ രക്ഷകർത്താക്കളുടെ പ്രതിഷേധം അധ്യയനത്തെ ബാധിച്ചെന്നായിരുന്നു സ്കൂളിന്‍റെ ആക്ഷേപം.
പുറത്താക്കിയ കുട്ടികളുടെ നിവേദനം പരിഗണിച്ച് അവരെ തിരിച്ചെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. അത് ചോദ്യംചെയ്ത് സ്കൂളധികൃതർ നൽകിയ ഹർജിയും കോടതിക്കുമുന്നിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam