മതപ്രബോധകര്‍ക്കെതിരെ കേസ്: സര്‍ക്കാരിനെതിരെ മുസ്ലീം സംഘടനകള്‍

By Web DeskFirst Published Mar 29, 2018, 9:55 PM IST
Highlights
  • മുസ്ലീംസംഘടനാനേതാക്കളുടെ യോഗം കോഴിക്കോട് ചേര്‍ന്നു... മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിക്കും
  • സാമ്പത്തിക സംവരണത്തിനെതിരെ ദളിത്-ഈഴവ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും
     

കോഴിക്കോട്: മതപ്രബോധകരെ തിരഞ്ഞ് പിടിച്ച് പൊലീസ് ആക്രമിക്കുകയാണെന്ന്  മുസ്ലീം സംഘടനകള്‍. സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം ന്യൂനപക്ഷ വിരുദ്ധമാണെന്നും കോഴിക്കോട് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗം കുറ്റപ്പെടുത്തി. 

സംവരണമടക്കം വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. മതപ്രബോധകരെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 

മതപ്രബോധകര്‍ക്കെതിരെ കേസ്സ് എടുക്കുന്നത് വര്‍ധിച്ചു വരുന്നുവെന്നാണ് മുസ്ലീം സംഘടനകളുടെ പ്രധാന പരാതിയെന്ന് യോഗത്തില്‍ പങ്കെടുത്ത ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മതപ്രഭാഷണം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വരുന്നതാണ്. ഇത് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. 

സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനവിരുദ്ധമാണെന്നും, മദ്യനയത്തിനെതിരെയും  പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവിലുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി  പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുനാണ് സമുദായനേതാക്കള്‍ക്കിടയിലെ ധാരണം. പട്ടികജാതി വര്‍ഗ പിന്നോക്ക ദളിത് ഈഴവ സംഘടനകളുമായി സഹകരിച്ച് നീതി നിഷേധത്തിന് എതിരെ നിയമ പരവും രാഷ്ട്രീയവുമായ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കും.സുന്നി, ജമാ അത്തെ ഇസ്ലാമി, മുജാഹിദ്  തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍  കൂട്ടായ്മയില്‍ പങ്കെടുത്തു.
 

click me!