
ദില്ലി/കോഴിക്കോട്: യുഡിഎഫിലും കോൺഗ്രസിലും നിർണായക മാറ്റങ്ങൾക്ക് വഴി തുറന്ന് ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ സ്ഥാനാർഥി എന്നിവരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സീനിയർ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ദില്ലിയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും രാഹുൽ ഗാന്ധിയെ കാണാൻ ദില്ലിയ്ക്ക് തിരിച്ചു.
യുഡിഎഫിലെ നിലവിലെ പ്രശ്നങ്ങൾ ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാനാണ് മുസ്ലീംലീഗിന്റെ നീക്കം. കെ.എം.മാണിയുടെ തിരിച്ചു വരവും ഉന്നത നേതാക്കളുമായുള്ള ചർച്ചയിൽ വിഷയമായേക്കും. യുഡിഎഫിലേക്ക് തിരിച്ചെത്തിയെ കേരള കോൺഗ്രസ് ഉടൻ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുമ്പോൾ അതിന് ശക്തമായ പിന്തുണയാണ് മുസ്ലീംലീഗ് നൽകുന്നത്.
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൂടി അർഹതപ്പെട്ടതാണന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇതിനോടകം പരസ്യമായി പറഞ്ഞു കഴിഞ്ഞു. കെ എം മാണിയെ മുന്നണിയിലെത്തിക്കുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഹൈക്കമാന്‍റിനെ ധരിപ്പിക്കാന്‍ കൂടിയാണ് ലീഗ് ലക്ഷ്യമിടുന്നത്. മുന്നണി കണ്‍വീനര്‍ സ്ഥാനം ഘടകകക്ഷികള്‍ക്ക് നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലൊന്നു മാണി കോണ്‍ഗ്രിസിന്റേതാണ്. എന്നാല്‍ മാണിയെ മുന്നണിയിലെത്തിക്കാന്‍ ലീഗ് കാര്യമായി ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ഈ സീറ്റ് അടക്കം അവര്‍ക്കര്‍ഹതപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. ഇതാണ് ലീഗിനെ അലട്ടുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ശക്തമായ നീക്കം നടത്താൻ ലീഗ് തീരുമാനിച്ചത്.
കെ എം മാണിയെ മുന്നണിയിലെത്തിക്കാന്‍ നടത്തുന്ന നീക്കങ്ങൾക്ക് കോണ്‍ഗ്രസിലൊരു വിഭാഗം തുരങ്കം വെക്കുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ അറിയിക്കുന്നില്ല എന്നൊക്കെയാണ് ലീഗിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിയതിലും ലീഗിന് വിയോജിപ്പുണ്ട്. എന്നാല്‍ ഇപ്പോഴത് ഉന്നയിക്കാതെ കേരളത്തിലെ സാമുദായികവിഭാഗങ്ങള്‍ യു.ഡി.എഫിനെ കൈവിടുന്നതിലുള്ള ആശങ്കയറിയിക്കാനാണ് നീക്കം.
എന്‍എസ്എസും ക്രൈസ്തവ വിഭാഗങ്ങളും ഇപ്പോൾ കോണ്‍ഗ്രസിനെ വിശ്വാസിത്തിലെടുക്കുന്നില്ലെന്നും ചെങ്ങന്നൂരിൽ അത് പ്രതിഫലിച്ചെന്നും മുസ്ലീംലീഗ് വിലയിരുത്തുന്നു. ഇക്കാര്യങ്ങളും ലീഗ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. മുന്നണി ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളൊന്നിച്ച് കോണ്‍ഗ്രസിന് തുടര്‍ന്നും നല്‍കാനാകില്ല. ലീഗിനോ മാണി വിഭാഗം തിരിച്ചുവരികയാണെങ്കിലവര്‍ക്കോ കണ്‍വീനര്‍ സ്ഥാനം നല്‍കണമെന്നായിരിക്കും ലീഗ് നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam