
കോഴിക്കോട്: തിങ്കളാഴ്ച്ച നടന്ന സോഷ്യല്‍മീഡിയ ഹര്‍ത്താലിനും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ വിവിധ മുസ്ലീംസംഘടനകള്‍ രംഗത്ത്. ഹര്‍ത്താലിന്‍റെ മറപിടിച്ചു നടന്ന അക്രമസംഭവങ്ങള്‍ നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നും ഇതെല്ലാം വര്‍ഗ്ഗീയ കലാപം അഴിച്ചു വിടാനുള്ള ആസൂത്രിതനീക്കമാണെന്ന് സംശയിക്കുന്നതായും വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.
സോഷ്യൽ മീഡിയ ഹർത്താല്‍ പോലെയുള്ള സാമൂഹികവിരുദ്ധ നടപടികളെ ശക്തമായി നേരിടുമെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാർ കലാപ കാലത്ത് ചിലർ വർഗീയവിഭജനം നടത്താന്‍ ശ്രമിച്ചത് പോലെ ഇന്നും ചിലർ ശ്രമിക്കുന്നുണ്ട്. ഇവരെ തടയാനുള്ള ഉത്തരവാദിത്തം മുസ്ലീം ലീഗിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ബാബറി മസ്ജിദിന്റെ കാലത്തും ഇവര്‍ നാടിനെ വർഗീയവത്‌കരിക്കാൻ ശ്രമിച്ചിരുന്നു. ഇത്തരം പ്രതിഷേധത്തിന്റെ ഗുണം ലഭിക്കുന്നത് സംഘ പരിവാറിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമ ഹർത്താലിനെ ശക്തമായി അപലപിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞു. ഹർത്താലുകൾ കൂടുന്നത് ശരിയല്ല. അടുത്തടുത്ത ദിവസം ഹർത്താൽ വയ്ക്കുന്നതും ശരിയല്ല. കത്വയിലെ പെണ്‍കുട്ടിയ്ക്കുണ്ടായ ദുരന്തം മതത്തിന്റെ മാത്രം വിഷയമായി മാറ്റരുത്. ആ സംഭവം വര്‍ഗ്ഗീയവത്കരിക്കാനോ രാഷ്ട്രീയവത്കരിക്കാനോ ഉള്ള ഒരു ശ്രമവും അനുവദിച്ചു കൊടുക്കരുതെന്നും കാന്തപുരം പറഞ്ഞു.
തിങ്കളാഴ്ചത്തെ ഹർത്താലിന് ധാർമികമായി പിന്തുണ നൽകിയവർ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് പിഡിപി.ഹർത്താലിലെ അക്രമസംഭവങ്ങൾ ആസൂത്രിതമാണെന്ന് വേണം കരുതാൻ. ഹർത്താൽ നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും പി.ഡി.പി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam