ബന്ധു നിയമന വിവാദം; രാജി ആവശ്യപ്പെട്ട് മന്ത്രി ജലീലിന് നേരെ കരിങ്കൊടി

By Web TeamFirst Published Nov 6, 2018, 12:19 PM IST
Highlights

ചട്ടം മറികടന്ന് ബന്ധുവിന് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി കെ.ടി ജലീല്‍ നിയമനം നല്‍കിയെന്നാണ് ആരോപണം

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ കെ.ടി. ജലീല്‍ രാജിക്കെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചു. കോഴിക്കോട് ചേവായൂരിലാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം, ജില്ലാ പ്രസിഡന്‍റ് സാജിദ് നടുവണ്ണൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

ചേവായൂരിൽ സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗയിഡന്‍സ് (സിഎല്‍ജിഎല്‍) വാര്‍ഷിക  ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി കെ.ടി. ജലീൽ.  ചട്ടം മറികടന്ന് ബന്ധുവിന് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി കെ.ടി ജലീല്‍ നിയമനം നല്‍കിയെന്നാണ് ആരോപണം.

യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ആരോപണത്തില്‍ ജലീലിന്‍റെ വിശദീകരണം. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

യോഗ്യതയുള്ള ആളെ കണ്ടെത്താൻ പത്രപ്പരസ്യം നൽകി, അഭിമുഖം നടത്തിയെന്നും ജലീൽ വിശദീകരിച്ചു. കോർപ്പറേഷനിൽ കെ.ടി.അദീപിനെ നിയമിച്ചത് നേരിട്ടാണ്. നേരത്തേയും കോർപ്പറേഷനിൽ രണ്ട് പേരെ നേരിട്ട് നിയമിച്ചിട്ടുണ്ട്. എംബിഎ മാത്രം മതിയെന്ന യോഗ്യത മാറ്റി, ബി.ടെക് കൂടിയുള്ളവരെ കൂടി പരിഗണിക്കാമെന്ന് തീരുമാനിച്ചത് കൂടുതൽ പേർക്ക് അവസരം നൽകാനാണെന്നും മന്ത്രി വ്യക്തമാക്കി. 

click me!