മുസ്ലീങ്ങളെയും ദളിതരെയും സ്വന്തമായി കാണുന്നതാണ് ബിജെപിയുടെ നയമെന്ന് മോദി

By Web DeskFirst Published Sep 25, 2016, 1:08 PM IST
Highlights

കോഴിക്കോട്: ബീഫ്,ദളിത് പീഡന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. മുസ്ലീങ്ങളെയും ദളിതരെയും സ്വന്തമായി കാണുന്നതാണ് ബി ജെ പി യുടെ നയമെന്ന് മോദി കോഴിക്കോട്ട് ബി ജെ പി ദേശീയ കൗണ്‍സിൽ യോഗത്തിൽ പറഞ്ഞു. ചിലർ ബിജെപിയെ തെറ്റിദ്ധരിക്കുന്നു, മറ്റുചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. മുസ്ലീങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനം വേണം. വോട്ട് ബാങ്കായി അവരെ കാണുകയല്ല വേണ്ടതെന്ന് ദീൻ ദയാൽ ഉപാധ്യായ പറഞ്ഞിട്ടുണ്ട്. മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി കാണണം.

ദളിതരുടെയും പിന്നോക്കം നിൽക്കുന്നവരുടെയും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയാണ് ലക്ഷ്യം. എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. അസഹിഷ്ണുതമൂലമുള്ള സംഘർഷം അനുവദിക്കില്ല.ശതാബ്ദി വർഷത്തിൽ ഭരണരംഗത്ത് ബിജെപി പുത്തൻ ദിശ യിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ്.അതുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്കും യുവത്വമുണ്ടാകണം. താഴേത്തട്ടിലേക്ക് വികസനം എത്തിയാലേ രാജ്യം വികസിക്കുകയുള്ളെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏതെങ്കിലും ഭാഗം വികസിക്കാതെ കിടക്കുമ്പോൾ രാജ്യം വികസിച്ചെന്ന് പറയാനാകില്ല.

സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ മൂല്യങ്ങളിൽ ഉണ്ടായ ചോർച്ച ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. മറ്റുപാർട്ടികൾ നേരിടുന്ന മൂല്യച്യുതി ബിജെപിക്ക് ഉണ്ടാവില്ല. ജനസംഘത്തിൽ നിന്ന് മാറിയെങ്കിലും ലക്ഷ്യം വ്യതിചലിച്ചിട്ടില്ലെന്നും മൂല്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത് ഇല്ലാതാക്കുകയാണ് നമ്മൾ. അതിന്റെ തിക്തഫലം കേരളവും അനുഭവിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ മാറ്റം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉറി സംഭവത്തിൽ തക്കതായ തിരിച്ചടി ഉണ്ടാകുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ കൗണ്‍സിലിൽ അവതരിപ്പിച്ച പ്രത്യേക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി

click me!