ജയലളിതയുടെ ആരോഗ്യനില തൃപ്തികരം

By Web DeskFirst Published Sep 25, 2016, 12:51 PM IST
Highlights

ചെന്നൈ: പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ഡോക്ടർമാർ. കിഡ്നി സംബന്ധമായ അസുഖങ്ങൾ മൂലമാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വിദഗ്ധചികിത്സയ്ക്കായി അമേരിക്കയ്ക്ക്  കൊണ്ടുപോകുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും അവയെല്ലാം പൂർണ്ണമായി നിഷേധിയ്ക്കുകയാണ് എഐഎഡിഎംകെ വൃത്തങ്ങളും ആശുപത്രി അധികൃതരും. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് നൂറുകണക്കിന് പേരാണ് ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് മുന്നിൽ തടിച്ചുകൂടിയിരിയ്ക്കുന്നത്.

പുരട്ചി തലൈവി അമ്മയുടെ ആയുരാരോഗ്യത്തിനായി മൂന്ന് ദിവസമായി ഉണ്ണാവ്രതത്തിലാണ് മരതഗവല്ലി. അസുഖങ്ങളെല്ലാം മാറി അമ്മ തിരിച്ചുവരാൻ പഴനി വരെ പോയി മൊട്ടയടിച്ച് വന്നതാണ് പാൽ മുരുഗൻ. തമിഴരുടെ പുരട്ചി തലൈവർ എംജിആറിന്റെ വേഷമണിഞ്ഞ് വന്ന പളനിയപ്പനും അമ്മ തിരിച്ചുവരുമെന്ന് പറയുന്നു. ഇങ്ങനെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പേരാണ് ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് മുന്നിൽ ജയലളിതയുടെ തിരിച്ചുവരവും കാത്തിരിയ്ക്കുന്നത്.

വ്യാഴാഴ്ച രാത്രിയോടെ കനത്ത പനിയും നിർജലീകരണവും അനുഭവപ്പെട്ടതിനാലാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടമാരുടെ വിശദീകരണം. എന്നാൽ കിഡ്നി സംബന്ധമായ അസുഖങ്ങളുള്ള ജയലളിതയെ ഉടൻ വിദഗ്ധചികിത്സയ്ക്കായി ടെക്സസിലെ മെത്തേഡിസ്റ്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് തെഹൽക റിപ്പോർട്ട് ചെയ്യുന്നത്.

ഈ റിപ്പോ‍ർട്ടുകളെല്ലാം പാർട്ടി വൃത്തങ്ങളും ആശുപത്രി അധികൃതരും പൂർണമായി നിഷേധിക്കുകയാണ്. കടുത്ത പ്രമേഹമാണ് മുഖ്യമന്ത്രിയെ അലട്ടുന്ന പ്രധാനപ്രശ്നമെന്നാണ് സൂചന. ജയലളിത മുഖ്യപ്രതിയായ അനധികൃതസ്വത്ത് സമ്പാദനക്കേസിൽ വിധി വരാനിരിയ്ക്കെയാണ് ആശുപത്രിവാസമെന്നതും ശ്രദ്ധേയമാണ്.

click me!