
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് സിനിമാ, ടെലിവിഷന്‍, സ്റ്റേജ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം. പ്രസിഡന്‍റ് എം.നാസറിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന പ്രത്യേക പ്രവർത്തക സമിതി യോഗത്തിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നൽകാൻ തീരുമാനിച്ചു. ട്രഷറർ കാർത്തി, കമ്മിറ്റി അംഗങ്ങളായ നടൻ പശുപതി, ശ്രീമൻ, അജയ് രത്നം, മനോബാല, നടി സോണിയ, സംഗീത തുടങ്ങിയവർ പങ്കെടുത്തു.
സൂര്യയും കാര്‍ത്തിയും കമല്‍ഹാസനുമടക്കമുള്ള താരങ്ങള്‍ കഴിഞ്ഞദിവസം കേരളത്തിന് തങ്ങളുടെ സഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും കേരളത്തിനുള്ള തങ്ങളുടെ സഹായമായ 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താണ് തുടങ്ങിയതോടെ കേരളത്തിന്‍റെ ആശങ്കയ്ക്ക് താല്‍ക്കാലിക ശമനമായിരിക്കുകയാണ്. അവസാനം ലഭിച്ച വിവരമനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.16 അടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam