ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു

Published : Aug 12, 2018, 01:09 PM ISTUpdated : Sep 10, 2018, 01:02 AM IST
ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു

Synopsis

മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിൽ ആശങ്ക അകലുന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവിൽ 2399.08 അടിയാണ് ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. ഇടമലയാർ അണക്കെട്ടിലും നേരിയ തോതിൽ ജലനിരപ്പ്‌ കുറഞ്ഞിട്ടുണ്ട്. 

ഇടുക്കി: മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിൽ ആശങ്ക അകലുന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവിൽ 2399.08 അടിയാണ് ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല.ഇടുക്കിയിൽ വീണ്ടും മഴ പെയ്യുന്നുണ്ട്.

ഇടമലയാർ അണക്കെട്ടിലും നേരിയ തോതിൽ ജലനിരപ്പ്‌ കുറഞ്ഞിട്ടുണ്ട്. നിലവിൽ 168.90 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. എങ്കിലും രണ്ടു ഷട്ടറുകളിലൂടെ സെക്കൻഡിൽ 200 ഘനമീറ്റർ വെള്ളമാണ് ഇപ്പോഴും പുറത്തേക്ക് ഒഴുക്കുകയാണ്. അതേസമയത്ത് സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ദുരിതാശ്വാസ സഹാവുമായി ചെന്നൈ

വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന മലയാളികൾക്ക് സഹായവുമായി ചെന്നൈ നിവാസികൾ. കേരളത്തിലേക്ക് അയക്കുവാനായി ചെന്നൈയിലെ സന്നദ്ധ സംഘടനകൾ അവശ്യ വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആളുകൾ സാധനങ്ങളുമായി വന്നു കൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ തുടങ്ങി ദുരിതക്കയത്തിൽ മുങ്ങിപ്പോയ ഒരു നാടിന് ആവശ്യമായതെല്ലാം ഇവിടെ ശേഖരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ഇവയെല്ലാം കേരളത്തിലേക്ക് കയറ്റി അയക്കും. ഇടുക്കി, പാലക്കാട് ജില്ലകളിലക്കാണ് ആദ്യം സാധനങ്ങൾ കൊണ്ടു പോകുന്നത്. സംഘടനയുടെ വളണ്ടിയർമാരാകും ഇവ അവിടെ വിതരണം ചെയ്യുക. പ്രളയകാലത്തെ ജീവിതം എത്രമാത്രം ദുരിതപൂർണമാകുമെന്ന് ചെന്നൈ നിവാസികൾക്ക് നന്നായി അറിയാം. നേരത്തെ തമിഴ്നാട് സർക്കാർ കേരളത്തിന് 5 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയക്കെടുതിയിൽ വലയുന്നവർക്ക് സഹായവുമായി മുന്നിട്ടിറങ്ങണമെന്ന് ഡി എം കെ നേതാവ് സ്റ്റാലിനും പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് 

അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കി

സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പശ്ചാത്തലത്തിൽ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഒഴിവാക്കി. ഇന്ന് (12.8.2018) മുതൽ തുടങ്ങാനിരുന്ന കലാസന്ധ്യകളും ഉണ്ടാകില്ലെന്ന് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. കലാപരിപാടിക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും തീരുമാനമായി. 

കേന്ദ്ര ആഭ്യന്തരമന്ത്രി എത്തുന്നു

മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് (12.8.2018) കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒരു മണിക്ക് ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിക്കും.വൈകീട്ട് നാലരയ്ക്ക് കൊച്ചി സിയാല്‍ ഓഫീസിൽ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകിട്ട് 6.10 ന് ദല്ലിയിലേക്ക് മടങ്ങും. 

പ്രളയക്കെടുതിയിൽ കൈത്താങ്ങാകാൻ ഏഷ്യാനെറ്റ് ന്യൂസും. ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പള തുക ദുരിത ബാധിതർക്കായി നീക്കി വക്കും. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഏഷ്യാനെറ്റ് ന്യൂസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. 


 

PREV
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു