
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് മത്സരിക്കാനുള്ള സമാജ്‍വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെയും തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അടുത്ത കാലം വരെ ശത്രുപക്ഷത്തുണ്ടായിരുന്നവരുമായി അവസരവാദ സഖ്യങ്ങൾ ഉണ്ടാക്കാൻ പ്രതിപക്ഷത്തുള്ളവർ മടിക്കുന്നില്ലെന്ന് മോദി അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിലെ ബി ജെ പി പ്രവർത്തകരുമായി സംവദിക്കവെയാണ് മോദി അഖിലേഷ്-മായാവതി സഖ്യത്തെ വിമര്‍ശിച്ചത്.
നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ് പി-ബി എസ് പി സഖ്യത്തിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വികസനവും നല്ല ഭരണവും രാജ്യത്ത് വരുന്നതില്‍ താത്പര്യമില്ലാത്തതാണ് ഈ സഖ്യത്തിന് കാരണമെന്ന് ആദിത്യനാഥ് പറഞ്ഞു. വര്‍ഗീയതയും അഴിമതിയും നിറഞ്ഞ അവസരവാദമാണ് ഇരുപാര്‍ട്ടികളും കാണിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാം. ഈ അവിശുദ്ധ കൂട്ടുക്കെട്ടിന് കൃത്യമായ ഉത്തരം ജനങ്ങള്‍ നല്‍കുമെന്നും യുപി മുഖ്യന്‍ ആഞ്ഞടിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള തീരുമാനം ഇന്നലെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ചത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് മായാവതി പറഞ്ഞത്. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തിരുന്നു.
80 സീറ്റിൽ 38 സീറ്റുകളിൽ വീതം മത്സരിക്കാനാണ് എസ് പിയും ബി എസ് പിയും തീരുമാനിച്ചത്. കോൺഗ്രസിനെ മാറ്റിനിറുത്തിയുള്ള സഖ്യമാണ് മായാവതിയുടെ അഖിലേഷും പ്രഖ്യാപിച്ചത്. അതേസമയം അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കില്ലെന്നും രണ്ടു സീറ്റുകൾ സഖ്യകക്ഷികൾക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam