രാത്രിയാത്രികർക്ക് അപകട ഭീഷണിയായി മൂന്നാറിലെ ദേശീയപാത

By Web TeamFirst Published Jan 25, 2019, 8:03 PM IST
Highlights

ഇടുങ്ങിയ പാതയിൽ സംരക്ഷണഭിത്തിയില്ലാത്തതിനാൽ രാത്രികളിൽ ഇരുചക്രവാഹനങ്ങളും കാല്‍നട യാത്രികരും അപകട ഭീഷണിയിലാണെന്നാണ് നാട്ടുകാരുടെ പരാതി.

മൂന്നാർ: വിനോദ സഞ്ചാരികളടക്കം ദിവസേന നിരവധി യാത്രക്കാർ കടന്നുപോകുന്ന മൂന്നാർ ദേശീയപാതയുടെ വശമിടിഞ്ഞിരിക്കുന്നത് അപകടഭീഷണിയുയർത്തുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ടൗണിലേയ്ക്കു പ്രവേശിക്കുന്ന ഭാഗത്താണ് റോഡിന്‍റെ വശമിടിഞ്ഞ് അപകടാവസ്ഥയുളളത്. നേരത്തെ റോഡ് വീതി കൂട്ടിയുളള നവീകരണത്തിൽ  അഞ്ച് മീറ്റര്‍ ഒഴിവാക്കിയായിരുന്നു സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്.  ഇതുമൂലം ഇവിടെ ഒരുവാഹനത്തിനത്തിന് മാത്രമേ കടന്നു പോകാൻ കഴിയൂ.

ഇടുങ്ങിയ പാതയിൽ സംരക്ഷണഭിത്തിയില്ലാത്തതിനാൽ രാത്രികളിൽ ഇരുചക്രവാഹനങ്ങളും കാല്‍നട യാത്രികരും അപകട ഭീഷണിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. സംരക്ഷണഭിത്തി നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് എടുത്തതിലുണ്ടായ അപാകതയാണ് കല്‍ക്കെട്ടിന്റെ നീളം കുറയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിനോദ സഞ്ചാരികളുടെ തിരക്കുളളപ്പോൾ ഇവിടുത്തെ വീതികുറവ് വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇതോടെ റോഡ് നവീകരണത്തിലൂടെ യാത്രികർക്ക് ലഭിക്കേണ്ടിയിരുന്ന ഗുണം ഇല്ലാതായെന്നും നാട്ടുകാർ പരാതിപ്പെടുന്നു. 

click me!