മുനമ്പത്ത് നടന്നത് അനധികൃത കുടിയേറ്റമെന്ന് ഐജി: മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 25, 2019, 7:53 PM IST
Highlights

മുനമ്പം തീരത്തു നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക്  കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലിയിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജരായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

കൊച്ചി: മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ. കേസിൽ മൂന്ന് പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

മുനമ്പം തീരത്തു നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക്  കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലിയിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജരായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്‌ പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. 

ഇന്ത്യൻ പാസ്പോർട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട്, എമിഗ്രേഷൻ ആക്ട് എന്നിവയിലെ വിവധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ  കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഇനി പിടിയിലാകാനുള്ള ശെൽവൻ, രവീന്ദ്ര,  ശ്രീലങ്കൻ പൗരനായ  ശ്രീകാന്തൻ എന്നിവരും കേസിലെ മുഖ്യ ഇടനിലക്കാരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ 2013ലും മുനമ്പത്തു നിന്ന് 70 പേരെ ആസ്ത്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

click me!