
അലഹാബാദ്: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തർപ്രദേശ് സർക്കാറിന്റെ ഉത്തരവിന് അലഹാബാദ് ഹൈക്കോടതിയുടെ പിന്തുണ. ഉത്തരവ് മുഴുവൻ മദ്രസകളും നിർബന്ധമായി നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. എല്ലാവരും ദേശീയഗാനത്തെയും ദേശീയ പതാകയെയും ആദരിക്കണമെന്നും കോടതി പറഞ്ഞു.
ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് മദ്രസകൾക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളുകയും ചെയ്തു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കി യോഗി സർക്കാർ ഉത്തരവിറക്കിയത്. മദ്രസകളിലെ സ്വാതന്ത്ര്യദിന പരിപാടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഒാഫീസർമാർക്ക് നിർദേശവും നൽകിയിരുന്നു.
ഉത്തർപ്രദേശ് മദ്രസ ശിക്ഷാ പരിഷതിൽ അഫിലിയേറ്റ് ചെയ്ത മദ്രസകളിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യസമര നായകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഉത്തരവിനെ തങ്ങളുടെ ദേശസ്നേഹം പരിശോധിക്കാനുള്ള ശ്രമമായാണ് പലരും കണ്ടത്. ദേശീയപതാക ഉയർത്താനും ദേശീയ ഗാനം ആലപിക്കാനും നേരത്തെ മദ്രസകൾക്ക് നിർദേശവും നൽകിയിരുന്നു.
നിലവിൽ യു.പിയിൽ പരിഷതിന് കീഴിൽ 8000ത്തോളം മദ്രസകളാണുള്ളത്. ഇതിൽ 560 എണ്ണം പൂർണമായും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam