ടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തൽ; നടപടിയെടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിര്‍ദ്ദേശം

By Web TeamFirst Published Jan 21, 2019, 7:23 AM IST
Highlights

ഒരു മാസത്തിനകം അന്വേഷണം നടത്തി നടപടിയെടുക്കാനാണ് ജില്ലാ കളകടര്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിര്‍ദ്ദേശം. 

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്കില്‍ തണ്ണീർത്തടം നികത്തിയുളള നിര്‍മാണത്തെക്കുറിച്ച് ഒരു മാസത്തിനകം അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ കളകടര്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിര്‍ദ്ദേശം. നിര്‍മാണത്തിനായി 10 ഏക്കർ കുളം ഉൾപ്പെടെ നികത്തിയതായി കാണിച്ച് തിരുവനന്തപുരം സ്വദേശി തോമസ് ലോറൻസ് നൽകിയ പരാതിയിലാണ് നടപടി.

ടെക്നോപാര്‍ക്കിലെ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19.5 ഏക്കർ ഭൂമി നികത്തിയുള്ള  നിർമ്മാണ പ്രവർത്തനം നേരത്തെ തന്നെ വിവാദമായിരുന്നു. കുന്നിടിച്ചും പാടം നികത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ  പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് തയ്യാറായില്ല. ജില്ലാ കളക്ടര്‍ക്കും ടെക്നോപാർക്ക് സിഇഒയ്ക്കുംപരാതി  നല്‍കിയിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശി തോമസ് ലോറന്‍സ് ഹരിത ട്രിബ്യൂണലിന് ഇ മെയില്‍ വഴി പരാതി അയച്ചത്.

അതേസമയം ചട്ടങ്ങൾ പാലിച്ചാണ് നിർമ്മാണ പ്രവർത്തനമെന്ന് ടെക്നോപാർക്ക് സിഇഒ ഋഷികേശന്‍ നായര്‍ പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സിഇഒ വ്യക്തമാക്കി. 

click me!