
തിരുവനന്തപുരം: മാലിന്യ പ്ലാന്റിനെതിരായ തിരുവനന്തപുരം പെരിങ്ങമല നിവാസികളുടെ സമരം സങ്കടമാർച്ചായി നിയമസഭ വരെ എത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴും അവരുടെ ആശങ്കകൾക്ക് അറുതിയില്ല. ഗാഡ്ഗിലും കസ്തൂരി രംഗനും ഒരുപോലെ പരിസ്ഥിതി ലോലമെന്ന് വിശേഷിപ്പിച്ച സ്ഥലമാണ് പെരിങ്ങമല. ഇവിടെ ഖര മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ എടുത്ത തീരുമാനത്തിന്‍റെ യുക്തിയെ ചോദ്യം ചെയ്യുകയാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും.
പുതിയ മാലിന്യ പ്ലാന്‍റുകൾ വരുന്ന കോഴിക്കോട്ടെ ഞെളിയൻ പറമ്പും തൃശൂരിലെ ലാലൂരും കണ്ണൂരിലെ ചേലോറയും കൊല്ലത്തെ കുരീപ്പുഴയും നേരത്തെ തന്നെ മാലിന്യം കുന്ന് കൂടിയ ഇടങ്ങളാണ്. പാലക്കാട് പ്ലാന്‍റ് വരുന്ന കഞ്ചിക്കോടും മലപ്പുറത്ത് പ്ലാന്‍റ് വരുന്ന പാണക്കാടും വ്യവസായ മേഖലയിലാണ്. അതേസമയം പെരിങ്ങമലയുടെ പ്രത്യേകത ഇത് പശ്ചിമഘട്ടിത്തിന്‍റെ ഭാഗമാണെന്നതാണ്. ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ മലമ്പ്രദേശമാണ് പെരിങ്ങമല.
പദ്ധതിയുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഭൂമിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. അതിന്‍റെ മാനദണ്ഡം എന്തായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യം. പ്ലാന്‍റ് പുറത്തള്ളുന്ന പുകയും ചാരവും എന്തുചെയ്യുമെന്ന് നാട്ടുകാരും ചേദിക്കുന്നു. ചാരം കൊണ്ട് ഇഷ്ടിക, ഹാനികരമല്ലാത്ത പുക തുടങ്ങിയ വാദങ്ങളൊന്നും ഇവർ അംഗീകരിക്കുന്നില്ല. സി പി എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തും ഇത് തള്ളിക്കളയുന്നു. പെരിങ്ങമലയിൽ വിശദമായ പാരിസ്ഥിതിക ആഘാതപഠനമാണ് എല്ലാവരും ആവശ്യപ്പെടുന്നത്. സർക്കാർ ഇത് ഉടൻ നടത്തുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam