ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്ന് നട്‌വര്‍ സിംഗ്

By Web DeskFirst Published Nov 4, 2016, 6:03 AM IST
Highlights

ദില്ലി: ഹില്ലരി ക്ലിന്റണെക്കാൾ രാഷ്ട്രീയത്തിൽ പുതുമുഖമായ ഡൊണാൾഡ് ട്രംപ് പ്രസിഡന്റാവുന്നതാകും ഇന്ത്യയ്ക്കു മെച്ചമെന്ന് മുൻ വിദേശകാര്യമന്ത്രി നട്‌വർ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയോടുള്ള നയം ഇതുവരെ കൈകാര്യം ചെയ്ത രീതി തൃപ്തികരമാണെന്നും നട്‌വര്‍ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

വിദേശകാര്യമന്ത്രിയായിരുന്നകാലത്ത് നട്‌വർ സിംഗ് രണ്ടു തവണ ഹില്ലരി ക്ലിന്റനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹില്ലരി ഇന്ത്യയുമായി അത്ര അടുപ്പം കാണിക്കും എന്ന് കരുതാൻ നിർവ്വാഹമില്ലെന്നും നട്‌വർ സിംഗ് പറഞ്ഞു. എന്നാൽ ട്രംപ് ഇന്ത്യയോട് അടുപ്പം കാണിക്കുന്നു. ഹില്ലരിയുടെ നയങ്ങൾ ഏറെ നാളായി അറിയാം. ട്രംപിന്റെ പരിചയക്കുറവ് എന്നാൽ ഒരു നേട്ടമാണ്. അമേരിക്ക പുറത്തു വിട്ട ഭക്ഷണത്തിനു പകരം എണ്ണ കുംഭകോണത്തെ തുടർന്ന് രാജിവച്ച നട്‌വർ അമേരിക്കൻ നയത്തിന്റെ കയ്പ് വ്യക്തിപരമായി അനുഭവിച്ചതാണ്. ആരു പ്രസിഡന്റായാലും ഇന്ത്യ സ്വന്തം കാലിൽ നിന്നു കൊണ്ടുള്ള ബന്ധം സ്ഥാപിക്കണമെന്നും നട്‌വര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അമേരിക്കയോടുള്ള നയം കൈകാര്യം ചെയ്ത രീതി തൃപ്തികരമാണെന്നും നട്‌വർ പറഞ്ഞു. അമേരിക്കൻ നയരൂപീകരണത്തിന്റെ സംവിധാനം ശക്തമാണെന്നിരിക്കെ ട്രംപ് പ്രചരണ രംഗത്ത് പറയുന്ന പല കാര്യങ്ങളും പ്രസിഡന്റായാൽ മറക്കേണ്ടി വരുമെന്നും നട്‌വർ അഭിപ്രായപ്പെടുന്നു.

click me!