ഹൃദയസംബന്ധമായ പ്രശ്നം; നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Jul 29, 2018, 6:39 PM IST
Highlights

കഴിഞ്ഞ ആഴ്ച ഷെരീഫിന്‍റെ വൃക്ക തകരാറിലായി കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയതോടെ എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ലാഹോര്‍: ജയില്‍ വാസം അനുഭവിക്കുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിയാല ജയിലില്‍ തടവിലായിരുന്ന ഷെരീഫ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ലണ്ടനില്‍ ആഡംബര അപ്പാര്‍ട്ട്മെന്‍റ്  വാങ്ങിയത് സംബന്ധിച്ച അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ 13നാണ് ഷെരീഫ് റാവല്‍പ്പിണ്ടി ജയലിലായത്.

എന്നാല്‍, കഴിഞ്ഞ ആഴ്ച ഷെരീഫിന്‍റെ വൃക്ക തകരാറിലായി കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയതോടെ എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഇസിജിയിലും രക്തപരിശോധനയിലും പ്രശ്നങ്ങള്‍ കണ്ടതോടെ ഇസ്‍ലാമാബാദിലെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

2016ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഷെരീഫ് വിധേയനായിരുന്നു. കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം അടക്കമുള്ള പ്രശ്നങ്ങളുമുണ്ട്. അടുത്ത് നടന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്‍റെ പാര്‍ട്ടി തോല്‍വിയേറ്റ് വാങ്ങിയിരുന്നു. മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പിടിഐയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്. 

click me!