
ഇടുക്കി: എസ് രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാർ ഇക്കാ നഗറിലുള്ള ഭൂമി കയ്യേറിയതാണോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്ന് മൂന്നാർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. റിപ്പോർട്ട് വില്ലേജ് ഓഫീസർ ദേവികുളം സബ് കളക്ടർക്ക് കൈമാറി. വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് സബ് കളക്ടർ രേണുരാജ് അറിയിച്ചു.
എസ് രാജേന്ദ്രൻ എംഎൽഎയുടെ വീടിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. കയ്യേറ്റവും അനധികൃത നിർമ്മാണവും സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നാണ് മൂന്നാർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകൾ ഇല്ല. കെഎസ്ഇബിയുടെ ഭൂമിയാണ് ഇതെന്ന സംശയവും വില്ലേജ് ഓഫീസർ പങ്കുവയ്ക്കുന്നു.
നിർമ്മാണത്തിനായി മണ്ണ് കൊണ്ടുവന്ന സ്ഥലത്തെക്കുറിച്ചും പരിശോധന വേണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.മൂന്നാറിലെ മറ്റൊരു സിപിഎം നേതാവായ ലക്ഷ്മണൻ കൈവശം വച്ചിരുന്ന ഭൂമിയിൽ നിന്നായിരുന്നു നിർമ്മാണത്തിനായി മണ്ണ് കൊണ്ട് വന്നത്.
അതേ സമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമിയുടെ സർവ്വേ അടക്കമുള്ള കാര്യങ്ങൾ തിടുക്കപ്പെട്ട് വേണ്ടെന്നാണ് റവന്യു വകുപ്പിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam