മോദിക്ക് പകരം ഈ നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം; ആര്‍എസ്എസ് നേതൃത്വത്തിന് കത്ത്

By Web TeamFirst Published Dec 19, 2018, 7:30 AM IST
Highlights

മഹാരാഷ്ട്ര , രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോയത് ധിക്കാരിയായ നേതാവ് മൂലമാണ്. 

ദില്ലി: ബിജെപി വീണ്ടും 2019 ല്‍  അധികാരത്തിലെത്തണമെങ്കില്‍ മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ  കര്‍ഷക നേതാവ്. മഹാരാഷ്ട്ര കർഷക  സമിതിയായ വസന്ത്‌റാവു നായിക് ഷെതി സ്വാവലംബന്‍ മിഷന്‍ ചെയര്‍മാന്‍ കിഷോര്‍ തിവാരിയാണ് ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസിനെ സമീപിച്ചത്. 

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി സുരേഷ് ജോഷി എന്നിവരെ അഭിസംബോധന ചെയ്താണ് കത്ത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോയത് ധിക്കാരിയായ നേതാവ് മൂലമാണ്. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, ഇന്ധനവില വര്‍ധന തുടങ്ങിയ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ് പരാജയത്തിന് കാരണമെന്നും കത്തില്‍ പറയുന്നുണ്ട്.

മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യ മനോഭാവം രാജ്യത്ത് ഭയം വിതയ്ക്കുന്നുവെന്നും ഇവര്‍ക്ക് പകരം മറ്റുള്ളവര്‍ക്ക് സ്വീകാര്യനായ നിതിന്‍ ഗഡ്കരിയെപ്പോലെയുള്ള നേതാക്കളെ കൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

click me!