
ആലപ്പുഴ: മഴക്കെടുതിമൂലം നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചത് വള്ള ക്യാമ്പുകളെ ദുരിതത്തിലാക്കി. ഒരുക്കങ്ങളും പരിശീലനവും എല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു ക്ലബ്ബുകള്‍. വള്ളംകളിയ്ക്ക് തുഴയെറിയാന്‍ വെറും രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കനത്ത മഴയും വെള്ളപ്പൊക്കവും ജലമേളയെ പ്രതികൂലമായി ബാധിച്ചത്.
നെഹ്‌റു ട്രോഫി ജലമേളയ്ക്കുള്ള പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചിട്ട് ഒരാഴ്ചയിലേറെയായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നെത്തിയ 120 ഓളം പേരാണ് ഓരോ ക്യാമ്പുകളിലുമുള്ളത്. നെഹ്‌റു ട്രോഫി സ്വന്തമാക്കിയാല്‍ ലഭിക്കാവുന്ന സമ്മാനത്തുകയിലേറെ ഇപ്പോള്‍ തന്നെ ഓരോ ക്യാമ്പുകള്‍ക്കും ചിലവായിക്കഴിഞ്ഞു. തുഴച്ചില്‍കാരന് 1000 രൂപ വീതം നല്‍കുന്നതുള്‍പ്പെടെ ഒരു ലക്ഷത്തിലേറെ രൂപയാണ് ക്യാമ്പുകളിലെ ദൈനംദിന ചിലവ്.
ഭക്ഷണ ഇനത്തില്‍ തന്നെ ഒരു ദിവസം 40000 രൂപ യുടെ ചിലവ് ഉണ്ട്. വിഭവ സമൃദ്ധവും പോഷകമൂല്യവുമുള്ള ആഹാരക്രമങ്ങളാണ് ഓരോ ക്ലബ്ബുകളും തുഴച്ചില്‍ക്കാര്‍ക്ക് നല്‍കുന്നത്. വ്യായാമത്തിനും പരിശീലന നിദേശങ്ങള്‍ക്കും വിദഗ്ധര്‍ക്ക് വലിയ തുകകള്‍ പാരിതോഷികമായി ഓഫര്‍ നല്‍കിയാണ് ക്ലബ്ബുകള്‍ സംഘടിപ്പിച്ചത്. പൊലിസില്‍നിന്നും പട്ടാളത്തില്‍ നിന്നും വലിയ പദവിയില്‍നിന്നും വിരമിച്ചവരാണ് വ്യായാമത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുഴച്ചില്‍ക്കാര്‍ക്ക് നല്‍കുന്നത്.
ഇനിയും ജലമേള മാറ്റിവെച്ചാല്‍ നിരാശയോടെ പിന്‍മാറേണ്ട ഗതികേടിലാണ് സംഘാംഗങ്ങള്‍. ക്യാമ്പുകള്‍ തുടരണോ നിര്‍ത്തണോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണിവര്‍. മത്സ്യ ബന്ധനത്തിനും മറ്റും പോകുന്നവരാണ് തുഴച്ചില്‍കാരില്‍ ഏറെയും. കടം വാങ്ങിയാണ് പല ക്യാമ്പുകളും പിടിച്ചു നില്‍ക്കുന്നത്. പരിശീലനം നിര്‍ത്തിവെച്ച് ക്യാമ്പുകള്‍ പിരിച്ചു വിട്ടാല്‍ ഇനിയും ആദ്യം മുതല്‍ എല്ലാം തുടങ്ങേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam