
വാഷിങ്ടൺ: വാഷിങ്ടൺ ഡിസിയിലെ അപ്പീൽ കോടതി (സർക്കീട്ട് കോർട്ട് ഓഫ് അപ്പീൽസ്) ജഡ്ജിയായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നാമനിർദേശം ചെയ്ത പ്രമുഖ ഇന്ത്യൻ–അമേരിക്കൻ അഭിഭാഷക നിയോമി റാവു (45) വിനെനെതിരെ രൂക്ഷ വിമർശനം. അപ്പീൽ കോടതി ജഡ്ജിയായി നവോമിയെ പരിഗണിക്കുന്നതിനിടെയാണ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ വിമർശനം.
20 വർഷങ്ങൾക്ക് മുമ്പ് നവോമി എഴുതിയൊരു കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് വിമർശനങ്ങൾ ഉയർന്നത്. ബലാത്സംഗം തടയുന്നതിന് സ്ത്രീകൾ അവരുടെ പെരുമാറ്റം മാറ്റണമെന്ന് നിർദ്ദേശിക്കുന്നതായിരുന്നു കുറിപ്പ്. യാൽ സർവകലാശാലയിൽ പഠിക്കുന്ന സമയത്താണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. 'ഷെയ്ഡ്സ് ഓഫ് ഗ്രേ' എന്ന തലക്കെട്ടോടു കൂടി 1994ലാണ് നവോമി കുറിപ്പ് പ്രസിദ്ധീകരിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി നവോമി രംഗത്തെത്തി. കുറിപ്പിൽ ഉപയോഗിച്ച ഭാഷയിൽ ഖേദം പ്രകടിപ്പിക്കുന്നതായി നവോമി പറഞ്ഞു. കോളേജിലെ ഗവേഷണ കാലത്ത് 20 വർഷങ്ങൾക്ക് മുമ്പാണ് കുറിപ്പ് എഴുതിയത്. മദ്യ ലഹരിയിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും ഞാൻ തന്നെയായിരിക്കും ഉത്തരവാദി. എന്നാൽ ഒരു പുരുഷൻ മദ്യ ലഹരിയിലുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ അയാൾക്ക് ഉറപ്പായും ശിക്ഷ നൽകണം. അതേസമയം, ഒരു ബലാത്സംഗം ഒഴിവാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം സംയമനം പാലിക്കുക എന്നതാണെന്നും നവോമി കൂട്ടിച്ചേർത്തു.
ബലാത്സംഗം ഒരു കുറ്റകൃത്യമാണെന്നും, ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയെ ആരുംതന്നെ കുറ്റപ്പെടുത്തരുതെന്നുമാണ് താൻ കുറിപ്പിലൂടെ പറയാൻ ശ്രമിച്ചത്. ബലാത്സംഗം തടയുന്നതിന് സ്ത്രീകൾക്ക് ചില മുൻകരുതലുകൾ എടുക്കാം. അന്ന് ഒരു എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും പക്വത പ്രാപിച്ചതായി വിശ്വസിച്ചിരുന്നതായും നവോമി പറഞ്ഞു.
നവോമിയുടെ മറുപടിക്കെതിരേയും സെനറ്റിൽ വിമർശനം ഉയർന്നു. മുൻ അഭിഭാഷക എന്ന നിലയിൽ ഇത്തരത്തിലുള്ള ബലാത്സംഗ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടാകുമല്ലേ, അത്തരം കേസുകളിൽ നവോമി എടുത്ത നിലപാട് ചില സ്ത്രീകളെയെങ്കിലും നാണം കെടുത്തിയിട്ടുണ്ടാകുമെന്ന് സെനറ്റ് പാട്രിക് ലേഹി പറഞ്ഞു. അതേസമയം നവോമി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സെനറ്റർ ജൊനി ഏണസ്റ്റ് അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിൽ അഡ്മിനിസ്ട്രേറ്ററാണ് നവോമി. ജഡ്ജിയായി നിയമിക്കപ്പെട്ടാൽ ശ്രീനിവാസനുശേഷം യു.എസ് ഫെഡറൽ കോർട്ടിലെത്തുന്ന ഇന്ത്യൻ വംശജയാവും നവോമി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam