കുവൈത്തില്‍ പുതിയ ഹാജര്‍ സംവിധാനം നിലവില്‍ വന്നു

By Web DeskFirst Published May 22, 2016, 2:15 AM IST
Highlights

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏജന്‍സികളിലും  വിരലടയാളം പതിച്ചുള്ള ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തി.വികലാംഗര്‍ക്കും ചില ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്കും ഇളവ് അനുവദിച്ചു. സര്‍ക്കാര്‍  ഓഫീസുകളിലും ഏജന്‍സികളിലും വിരലടയാളം ഉപയോഗിച്ചു ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചത്.

ഇത് സംബന്ധിച്ച്, ധനകാര്യവകുപ്പ് മന്ത്രിയും കമ്മീഷന്റെ ചെയര്‍മാനുമായ അനസ് അല്‍ സാലെയുടെ ഉത്തരവ് എല്ലാ മന്ത്രാലയങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. മറ്റു എല്ലാ സംവിധാനങ്ങള്‍ ഇതോടെ നിറുത്തലാക്കിയതായി ഉത്തരവില്‍ പറയുന്നു. ഉത്തരവനുസരിച്ച് പുതിയ വിരലടയാള സംവിധാനമനുസരിച്ച് എല്ലാ ജീവനക്കാരും ഹാജര്‍ രേഖപ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.

എന്നാല്‍ ചില വകുപ്പുകളുടെ ഡയറക്ടര്‍മാര്‍, വകുപ്പ് സൂപ്പര്‍വൈസര്‍മാര്‍, 25 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടുള്ളവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് പുതിയ സംവിധാനത്തില്‍ ഇളവ് അനുവദിക്കും. ഇതിനിടെ പൊതുമരാമത്ത് വകുപ്പിലെ രണ്ടായിരം തൊഴിലാളികള്‍ വിരലടയാള ഹാജര്‍ സംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം കമ്മീഷനെ അറിയിക്കുമെന്നു പറഞ്ഞ പൊതുമരാമത്ത് മന്ത്രി എന്തായാലും കമ്മീഷന്റെ നിര്‍ദേശം മന്ത്രാലയത്തില്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി.

click me!