ബാങ്കുകളിൽ പുതിയ കറൻസികൾ എത്തിത്തുടങ്ങി

By Web DeskFirst Published Nov 9, 2016, 1:58 PM IST
Highlights

ദില്ലി: 500 ന്റെയും 1000 ത്തിന്‍റെയും നോട്ടുകൾ പിൻവലിച്ചതിന് പകരം ആവശ്യമായ പുതിയ കറൻസികൾ ബാങ്കുകളിൽ എത്തിത്തുടങ്ങി. വിപണിയിൽ നിന്ന് പിൻവലിക്കുന്ന നോട്ടുകൾക്ക് പകരം ആവശ്യമായ അത്രയും നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായി. ബുധനാഴ്ച വൈകീട്ടോടെ ബാങ്കുകൾക്ക് ആവശ്യമായ നോട്ടുകൾ എത്തിച്ചുകൊടുത്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങിയതുകൊണ്ട് കറൻസിയുടെ ലഭ്യതകുറവ് ഉണ്ടാകില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചു.വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകൾ പ്രവര്‍ത്തിക്കുന്നതിനായി നാളെ പണം നിറച്ചുതുടങ്ങും.

കൈവശമുള്ള പഴ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിക്ഷേപിക്കുന്നതിന് നിലവില്‍ തടസ്സമില്ല. കെ.വൈ.സി ഫോമുകൾ ഇതുവരെ പൂരിപ്പിച്ച നൽകാത്തവര്‍ക്ക് 50,000 രൂപയുടെ പരിധിയുണ്ടാകും. ഒരു ദിവസം ഒരാൾക്ക് ബാങ്കിൽ 4000 രൂപ വരെയുള്ള നോട്ടുകൾ മാറിവാങ്ങാം.രണ്ട് ദിവസത്തിന് ശേഷം എ.ടി.എമ്മുകളിലൂടെ പുതിയ കറൻസികൾ കിട്ടിതുടങ്ങും. നവംബര്‍ 18വരെ 2000 വരെ മാത്രമെ ഒരു ദിവസം എ.ടി.എമ്മിൽ നിന്ന് പിൻവലിക്കാനാകും. നവംബര്‍ 19ന് ശേഷം അത് 4000 രൂപയാക്കി ഉയര്‍ത്തും.

ബാങ്കുകളിൽ ചെക്കുകൾ, ഡെബിറ്റ്- ക്രഡിറ്റ് കാര്‍ഡുകൾ വഴിയുള്ള ഇടപാടുകൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാവുകയില്ല ബാങ്ക് കൗണ്ടറിൽ നിന്ന് ഒരു ദിവസം 10,000 രൂപയേ കുറച്ച് ദിവസത്തേക്ക് നൽകു. നവംബർ 24 വരെ ഒരാഴ്ചയിൽ ഇതിന്റെ പരിധി പരമാവധി 20,000 രൂപയായിരിക്കും. വലിയ ദൗത്യത്തിന് വേണ്ടി ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. സര്‍ക്കാര്‍ തീരമാനം നികുതി വരുമാനം കൂട്ടും. ടോൾ ബൂത്തുകളിൽ വെള്ളിയാഴ്ച വരെ ടോൾ നൽകേണ്ടെന്ന് ജയ്‌റ്റ്‌ലി പറഞ്ഞു. പുതിയ കറൻസി വിപണിയിൽ എത്തി രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഗ്യാസ് ഏജൻസികളിലും എല്ലാ സര്‍ക്കാർ വിപണന കേന്ദ്രങ്ങളിലും 11-ാം തിയതിവരെ പഴയ നോട്ടുകൾ സ്വീകരിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. വെള്ളിയാഴ്ച വരെ രാജ്യത്തെ ദേശീയപാതകളിൽ ടോൾ ഈടാക്കുകയില്ല. സര്‍ക്കാർ നടപടി നികുതി വരുമാനത്തിൽ വലിയമാറ്റമാകും ഉണ്ടാക്കുക.

അതേസമയം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാർ തീരുമാനം കനത്ത തിരിച്ചടിയായെന്ന് കോണ്‍ഗ്രസ്ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറ‍ഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് മുൻ ധനമന്ത്രി പി.ചിദംബരം പറഞ്ഞു. സര്‍ക്കാർ നടപടിയെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. നോട്ടുകൾ പിൻവലിച്ചത് വെറും കണ്‍കെട്ടാണെന്ന് സിപിഎം പ്രതികരിച്ചു.

click me!