
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ആവർത്തിച്ച് ശിശുമരണങ്ങൾ. ഈ വർഷം ഇതുവരെ 12 നവജാത ശിശുക്കൾ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. പോഷകാഹാര കുറവ് പരിഹരിക്കപ്പെട്ടെന്ന് അധികൃതർ പറയുമ്പോഴും, ശിശുമരണങ്ങൾ സംഭവക്കുന്നതിലെ ആശങ്കയിലാണ് ആദിവാസികളുള്ളത്.
മേലേ ചൂട്ടറ ഊരിലെ ബിന്ദുവിന്റെയും രാമന്റെയും 3 ദിവസം പ്രായമുള കുഞ്ഞ് മരിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടതേയുള്ളു. മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് കോട്ടത്തറ ട്രൈബൽ സ്ഷ്യാലിറ്റി ആശുപത്രി നല്‍കുന്ന വിശദീകരണം. എന്നാൽ ഇതിനുളള സാധ്യതയില്ലെന്നും, മരണകാരണം സർട്ടിഫിക്കറ്റിൽ പോലും വ്യക്തമാക്കിയിട്ടില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
മുലപ്പാൽ ശ്വസകോശത്തിൽ കയറിയാണ് ഈ വർഷം 5 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുക്കക്കുറവുളള രണ്ടുപേരും, ജന്മനാലുളള അസുഖങ്ങൾ കാരണം ബാക്കി കുഞ്ഞുങ്ങളും മരിച്ചെന്നുമാണ് ആരോഗ്യവകുപ്പിലെ കണക്ക്. നവജാത ശിശുപരിപാലനത്തിലേതുൾപ്പെടെ ആദിവാസികളുടെ ഭാഗത്തുണ്ടാകുന്ന അപാകതകളാണ് മരണങ്ങൾക്ക് കാരണമായി ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
അട്ടപ്പാടിയിലെ പോഷകാഹാര കുറവ് പരിഹരിക്കപ്പെട്ടു. തൂക്കക്കുറവുളള കുഞ്ഞുങ്ങളുടെ എണ്ണവും കുറഞ്ഞു. എന്നിട്ടും ശിശുമരണങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ജനിതകതകരാറുകളുണ്ടോ എന്നുൾപ്പെടെയുളള പഠനങ്ങളാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു. എന്നാല്‍ ഇനിയെങ്കിലും കരുതൽ നടപടികൾക്ക് പ്രാധാന്യം നൽകണമെന്നാണ് ആദിവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam