
കോഴിക്കോട്: കെ എസ് ആർ ടി സി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജീവനക്കാരുടെ സംഘടന. ജീവനക്കാരുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോടതിയില്‍ സർക്കാർ നിലപാട് നിർണായകമാകും. ഈ സാഹചര്യത്തില്‍ അനുകൂല നിലപാടെടുക്കാൻ സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്താനാണ് ജീവനക്കാരുടെ നീക്കം. ഇതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാർച്ചും മറ്റ് സമര പരിപാടികളും സംഘടിപ്പിക്കും.
കോഴിക്കോട് കക്കോടി സ്വദേശിയായ പ്രമോദ് പതിനൊന്ന് വർഷമായി താല്‍ക്കാലിക പാനൽ കണ്ടക്ടറായി കെ എസ് ആർ ടി സിയിൽ ജോലി ചെയ്യുന്നു. പ്രതിവർഷം നൂറ്റി ഇരുപത് തൊഴിൽ ദിനങ്ങൾ ഇല്ലാത്തതിനാൽ പിരിച്ചുവിടുന്നവരുടെ ലിസ്റ്റിൽ പ്രമോദുമുണ്ട്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജോലിയിൽ പ്രവേശിച്ച പ്രമോദിന് ഇനിയെന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല. പ്രമോദിനെ പോലെ പിരിച്ചുവിടുന്നവരുടെ ലിസ്റ്റിലുള്ള 4071 പേരും തുച്ഛമായ തുകയ്ക്കാണ് ഇതുവരെ സേവനമനുഷ്ടിച്ചത്. തുടക്കത്തിൽ 130 രൂപയായിരുന്നു പ്രതിഫലം. ഇപ്പോൾ 480 രൂപ. ജോലി നഷ്ടമായാല്‍ ജീവിത മാര്‍ഗത്തിന് ഇനി എന്ത് ചെയ്യണം എന്ന് അറിയാത്തവരാണ് പ്രമോദിനെ പോലുള്ള 3000 ത്തോളം താല്‍ക്കാലിക കണ്ടക്ടർമാർ.
ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 താല്‍ക്കാലിക പാനൽ കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിടും. 3,861 കണ്ടക്ടർക്കാണ് ജോലി നഷ്ടപ്പെടുന്നത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടർമാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സർവ്വീസ് മുടങ്ങാനാണ് സാധ്യത. അതേസമയം, കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
Also Read: കെഎസ്ആര്‍ടിസിയിലെ എം പാനൽ കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിടും; 3,862 പേര്‍ക്ക് ജോലി നഷ്ടമാകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam