ഖത്തറിനെതിരായ 13 ഉപാധികള്‍ക്ക് പകരം ഒരു പൊതു കരാറിന് നീക്കമെന്ന് സൂചന

Published : Jul 09, 2017, 12:11 AM ISTUpdated : Oct 05, 2018, 02:51 AM IST
ഖത്തറിനെതിരായ 13 ഉപാധികള്‍ക്ക് പകരം ഒരു പൊതു കരാറിന് നീക്കമെന്ന് സൂചന

Synopsis

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈറ്റിന്റെ മധ്യസ്ഥതയിൽ വീണ്ടും ചർച്ചകൾ സജീവമായി. അനുരഞ്ജന ചർച്ചകൾക്കായി  ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ കുവൈറ്റിലെത്തി. ഇതിനിടെ ഖത്തറിനെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് സൗദി സഖ്യ രാജ്യങ്ങൾ അറിയിച്ചു.

ഉപാധികൾ പാലിക്കാൻ ഖത്തർ വിസമ്മതിച്ച സാഹചര്യത്തിൽ ഖത്തറിനെതിരെ രാഷ്ട്രീയ-സാമ്പത്തിക-നിയമ നടപടികൾ ശക്തമാക്കുമെന്ന് സൗദി സഖ്യരാജ്യങ്ങൾ വ്യാഴാഴ്ച രാത്രി സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു. നയതന്ത്ര-സാമ്പത്തിക ഉപരോധത്തിന് പുറമെ ഖത്തറിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ നിയമ നടപടികളിലേക്ക് കൂടി കടക്കുമെന്ന മുന്നറിയിപ്പാണ് പ്രസ്താവനയിലുള്ളത്. ഇതിനു പിന്നാലെയാണ് ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് റ്റില്ലേഴ്സനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും  കുവൈറ്റിലെത്തിയത്. സൗദി സഖ്യ രാജ്യങ്ങളുടെ കെയ്റോ സമ്മേളനത്തിന് ശേഷം അനിശ്ചിതത്വത്തിലായ അനുരഞ്ജന ചർച്ചകൾ ജി.സി.സി രാജ്യങ്ങളുടെ മാത്രം മധ്യസ്ഥതയിൽ പരിഹരിക്കാനാവില്ലെന്ന സൂചനയെ തുടർന്നാണ് കുവൈറ്റിന്റെ മധ്യസ്ഥതയിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും നേരിട്ടുള്ള ഇടപെടലിലൂടെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്. 

മേഖലയുടെ ഐക്യത്തിനും സുരക്ഷിതത്വത്തിനും കുവൈറ്റിന്റെ മധ്യസ്ഥതയിൽ നടക്കുന്ന അനുരഞ്ജന ചർച്ചകൾ എല്ലാ അംഗങ്ങളും അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത ബോറിസ് ജോൺസൺ സമാധാന ശ്രമങ്ങൾക്ക് ബ്രിട്ടന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു. ഖത്തറിനോട് മൃദുസമീപനം പുലർത്തുന്ന കുവൈറ്റിന്റെ മധ്യസ്ഥതയിൽ വേണ്ടത്ര തൃപ്തിയില്ലാത്ത സൗദി സഖ്യരാജ്യങ്ങൾക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇടപെടൽ വഴി കാര്യങ്ങൾ കുറേകൂടി  തങ്ങൾക്കനുകൂലമാക്കിയെടുക്കാമെന്ന പ്രതീക്ഷയുമുണ്ട്. അതേസമയം നേരത്തെ മുന്നോട്ട് വെച്ച പതിമൂന്ന് ഉപാധികൾക്ക് പകരം മേഖലയിലെ തീവ്രവാദം തടയുന്നതിന് ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒരു  പൊതുകരാർ ഉണ്ടാക്കി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദേശമായിരിക്കും ഇനി ഉണ്ടാവുകയെന്നാണ് സൂചന. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ജർമൻ ചാൻസലർ ആൻജെലാ മെർക്കറും തമ്മിൽ  കൂടിക്കാഴ്ച നടത്തി ഖത്തറുമായുള്ള സുരക്ഷാ പങ്കാളിത്തം  ശക്തമാക്കാൻ തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'
ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു