ഇനി കുഞ്ഞ് ഹൃദയങ്ങള്‍ സുരക്ഷിതം; പുത്തന്‍ പദ്ധതിയുമായി എസ്.എ.ടി ആശുപത്രി

Published : Dec 21, 2017, 09:17 PM ISTUpdated : Oct 04, 2018, 11:51 PM IST
ഇനി കുഞ്ഞ് ഹൃദയങ്ങള്‍ സുരക്ഷിതം; പുത്തന്‍ പദ്ധതിയുമായി എസ്.എ.ടി ആശുപത്രി

Synopsis

തിരുവനന്തപുരം: ഹൃദ്രോഗങ്ങളില്‍ നിന്ന് കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ പുതിയ പദ്ധതി. കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയും ആവശ്യമെങ്കില്‍ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാനും കഴിയുന്ന തരത്തിലാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലീകരിക്കുന്നത്.

ശിശുക്കള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ളവരുടെ ഹൃദയ ചികിത്സ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായും പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഹൃദയ ചികിത്സാ വിഭാഗത്തില്‍ നടത്തി എത്രയും വേഗം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയില്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയൊരു മാറ്റം വരുത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2007ല്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സ്ഥാപിച്ചെങ്കിലും ഒരു പ്രൊഫസറും അസിസ്റ്റന്റ് പ്രൊഫസറും മാത്രമാണുണ്ടായിരുന്നത്. അതില്‍ പ്രൊഫസര്‍ വിരമിക്കുകയും ചെയ്തു. ജീവനക്കാരുടെ അഭാവം ചികിത്സിയ്‌ക്കെത്തുന്നവരെ കാര്യമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ പുതുതായി 13 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഒരു അസോ. പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍, 5 സ്റ്റാഫ് നഴ്‌സ്, 2 കാത്ത് ലാബ് ടെക്‌നീഷ്യന്‍സ്, ഒരു ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്റര്‍, 2 അറ്റന്റര്‍ ഗ്രേഡ്-2 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. 

കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ചികിത്സിക്കാനായുള്ള 6 കോടി രൂപയുടെ 'കാത്ത് ലാബ്' മാര്‍ച്ച് മാസത്തോടെ എസ്.എ.ടി.യില്‍ പ്രവര്‍ത്തനസജ്ജമാകും. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്‌റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. കൃത്യമായ ഹൃരോഗ നിര്‍ണയത്തിനായി 82 ലക്ഷം മുടക്കി എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദ്രോഗം നിര്‍ണയിക്കാന്‍ ഇതിലൂടെ കഴിയുന്നതാണ്.

ഗുരുതര ഹൃദ്രോഗമുള്ള കുട്ടികളെ സങ്കീര്‍ണ ഹൃദയ ശസ്ത്രകിയകളിലൂടെ രക്ഷിച്ചെടുക്കാന്‍ കാര്‍ഡിയാക് സര്‍ജറിയും അതിനാവശ്യമായ ഓപ്പറേഷന്‍ തീയറ്ററും എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനത്തിന് കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോക്ടറെ ശ്രീചിത്രയിലേക്ക് അയയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം
'അനുകൂല തരം​ഗം, എൽഡിഎഫിന് ഉജ്ജ്വലവിജയമുണ്ടാകും, തിരുവനന്തപുരത്ത് 55നും 60നും ഇടയ്ക്ക് സീറ്റ് കിട്ടും': വി ശിവൻകുട്ടി