സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജെഡിഎസില്‍ പുതിയ തര്‍ക്കം; പിളര്‍പ്പിന്‍റെ സൂചന നല്‍കി നേതാക്കള്‍

By Web TeamFirst Published Nov 25, 2018, 11:17 AM IST
Highlights

സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജനതാദള്‍ എസില്‍ പുതിയ തര്‍ക്കം. തന്നെയോ സികെ നാണുവിനെയോ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് മാത്യു ടി തോമസ് ആവശ്യപ്പെട്ടപ്പോള്‍ ദേശീയനേതൃത്വത്തിന്റെ പിന്തുണയോടെ നീല ലോഹിതദാസനെ പ്രസിഡന്‍റാക്കാനാണ് കൃഷ്ണന്‍ കുട്ടിയുടെ നീക്കം.

കോഴിക്കോട്: സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജനതാദള്‍ എസില്‍ പുതിയ തര്‍ക്കം. തന്നെയോ സികെ നാണുവിനെയോ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് മാത്യു ടി തോമസ് ആവശ്യപ്പെട്ടപ്പോള്‍ ദേശീയനേതൃത്വത്തിന്റെ പിന്തുണയോടെ നീല ലോഹിതദാസനെ പ്രസിഡന്‍റാക്കാനാണ് കൃഷ്ണന്‍ കുട്ടിയുടെ നീക്കം.

 മന്ത്രിയാകുന്നതോടെ കെ കൃഷ്ണന്‍കുട്ടി ജെഡിഎസ് സംസ്ഥാന അധ്യക്ഷപദവി ഒഴിയും. ഈ സ്ഥാനത്തേക്ക് നീലലോഹിതദാസ നാടാരെ കൊണ്ടുവരാനാണ് കൃഷ്ണന്‍കുട്ടി ആഗ്രഹിക്കുന്നത്. ദേശീയ സെക്രട്ടറി ഡാനിഷ് അലിയുടെ പിന്തുണയും ഇതിനുണ്ട്.

നീലനെ പ്രസിഡന്‍റാക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടി വിടാനും മടിക്കില്ലെന്നാണ് മാത്യു ടി തോമസിന്‍റെ മുന്നറിയിപ്പ്. മാത്യു ടി തോമസിനെ അനുകൂലിക്കുന്ന വിഭാഗം നാളെ കൊച്ചിയില്‍ പ്രത്യേകയോഗം ചേരുന്നുണ്ട്.

ജോസ് തെറ്റയില്‍, ജോര്‍ജ്ജ് തോമസ് എന്നിവരും, അഞ്ച് ജില്ലാ പ്രസിഡന്‍റുമാരും പങ്കെടുക്കും. ഡാനിഷ് അലി സാമ്പത്തിക താല്‍പര്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം യോഗത്തിലുയരും. കോണ്‍ഗ്രസിന്റെ ബി ടീമായാണ് ദേവ‍ഗൗഡയും മകനും പ്രവര്‍ത്തിക്കുന്നത്. 

അത് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ദോഷകരമാണെന്ന വിലയിരുത്തലുമുണ്ടാകും, വിരേന്ദ്രകുമാറുമായി ബന്ധം പുനസ്ഥാപിച്ച് ലോക് താന്ത്രിക് ദളിലെത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. രാജി നാളെ തന്നെ സമര്‍പ്പിച്ച് പ്രതിഷേധം തുടരാനും അനുരഞ്ജനമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്താനുമുള്ള തീരുമാനത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. 

click me!