എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് നടപടി. മറ്റൊരു കേസിൽ അറസ്റ്റിലായ വിവരവും അതിജീവിതയുടെ മൊഴിയും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം പ്രത്യേക സത്യവാങ്മൂലവും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുക.

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി. 

ജനുവരി 11-നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എം എൽ എയ്ക്കെതിരെയുള്ളത്.നിലവിൽ മാവേലിക്കര സബ് ജയിലിലാണ് രാഹുൽ. അതിനിടെ, മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുകയാണ്.