
കഴിഞ്ഞ വര്‍ഷം അമീര്‍ പ്രഖ്യാപിച്ച ഭേദഗതികളോടെയുള്ള തൊഴില്‍ നിയമത്തില്‍ പ്രധാനമായും വിദേശികള്‍ രാജ്യത്തേക്കു വരുന്നതും തിരിച്ചു പോകുന്നതും താസമവും സ്‌പോണ്‍സര്‍ഷിപ്പുമായും ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളാണുള്ളത്. വിദേശികളായ ജോലിക്കാര്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയുണ്ടെങ്കില്‍ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതിനു മുമ്പു തന്നെ മറ്റൊരു കമ്പനിയില്‍ ജോലിക്കു ചേരാന്‍ പുതിയ നിയമ അനുവദിക്കുന്നുണ്ടെന്ന് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബിര്‍ അല്‍ ലിബ്ദ ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യഥാര്‍ത്ഥ തൊഴിലുടമയ്ക്കു പുറമേ തൊഴില്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗത്തിന്റെ അംഗീകാരം കൂടി ഇത്തരം തൊഴില്‍ മാറ്റങ്ങള്‍ക്ക് വേണ്ടിവരുമെന്നും നിബന്ധനയുണ്ട്. അതേസമയം ഒരു കമ്പനിയുമായുള്ള തൊഴില്‍ കരാര്‍ കാലാവധി കഴിയുകയോ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയോ ചെയ്തവര്‍ക്ക് മറ്റു തടസങ്ങളൊന്നുമില്ലാതെ അടുത്ത ദിവസം തന്നെ പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാം. എന്നാല്‍ ഇതിനും മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണ്ടി വരും.
തൊഴിലുടമയുമായോ റിക്രൂട്ടിംഗ് സ്ഥാപനവുമായോ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ വരികയാണെങ്കില്‍ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് താത്കാലിക അനുമതി ലഭിക്കും. എന്നാല്‍ തര്‍ക്കത്തില്‍ തൊഴിലുടമയുടെ ഭാഗത്താണ് ന്യായമെന്നു കണ്ടാല്‍ തൊഴിലാളിയുടെ മാറ്റത്തിന് നിയമ സാധുതയുണ്ടാകില്ല. അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന നിയമം നടപ്പിലക്കുന്നതിനു വേണ്ടി സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗം തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിലവിലെ പൊതുമാപ്പ് കാലയളവ് അവസാനിച്ച ശേഷം പിടിക്കപ്പെടുന്ന വിദേശികള്‍ക്ക് ഒരു വിട്ടുവീഴ്ചയും ലഭിക്കില്ലെന്നും പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ വിദേശികള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പതുതായി ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് താമസാവകാശ അനുമതി ശരിയാക്കുന്നതിന് ഇനി മുതല്‍ കൂടുതല്‍ സമയം ലഭിക്കും. പുതിയ നിയമ പ്രകാരം നേരത്തെയുണ്ടായിരുന്ന ഏഴു ദിവസത്തിനു പകരം ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam